വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിൽ കെ.കെ. രാഗേഷിന്റെ വിമർശനത്തെ തള്ളി സിപിഎം നേതാവ് കെ.കെ. ശൈലജ. സർക്കാർ വരുമ്പോൾ സ്ഥലംമാറ്റങ്ങൾ സ്വാഭാവികമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും ശൈലജ പറഞ്ഞു.
ദില്ലി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സർക്കാർ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ പറഞ്ഞു. ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിമർശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിൽ ഇല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും വ്യക്തിപരമായ ഒന്നല്ലെന്നും അവർ പറഞ്ഞു. തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിൽ കുഴപ്പമില്ലെന്ന എം വി ജയരാജന്റെ പ്രസ്താവനയിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതിനാൽ താൻ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ലെന്ന് അവർ വ്യക്തമാക്കി. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്, അതിനുള്ള നടപടികൾ പാർട്ടി നേതൃത്വം കൈക്കൊള്ളുമെന്നും ശൈലജ വിവരിച്ചു. തിരുത്തൽ നടപടികൾ പാർട്ടി കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.
