സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: എബോള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു.

എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം. യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവര്‍ക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും രണ്ട് തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവര്‍ക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും സംസ്ഥാന സര്‍ക്കാരിന്‍റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പിപിഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

