പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം. അതിനാല്‍ ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്ന്...
തിരുവനന്തപുരം: ജെഎന്‍യുവില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും ശ്രദ്ധ തിരിക്കലാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്ന് സാഹിത്യാകാരി കെ ആര്‍ മീര. 370 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമക്കേടു സംബന്ധിച്ച കോടതി വിധി സാമ്പത്തികമാന്ദ്യത്തില്‍ മുങ്ങി, സാമ്പത്തിക മാന്ദ്യം പൗരത്വനിയമത്തില്‍ മുങ്ങി, പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം. അതിനാല്‍ ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
മുന്നൂറ്റിയെഴുപതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ക്രമക്കേടു സംബന്ധിച്ച കോടതി വിധി സാമ്പത്തികമാന്ദ്യത്തില്‍ മുങ്ങി.
സാമ്പത്തിക മാന്ദ്യം പൗരത്വനിയമത്തില്‍ മുങ്ങി.
പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം.
അതുകൊണ്ട്, ജെ.എന്‍.യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രം.
ശ്രദ്ധ തിരിക്കലാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം.
പക്ഷേ, എത്ര നാള്‍ ഈ തന്ത്രം വിലപ്പോകും?
അതേസമയം ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പിടിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവവിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
