എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാവർത്തിച്ച് കോൺ​ഗ്രസ് എംപി കെ സുധാകരൻ. ചെത്തുകാരൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

"ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്തു തൊഴിലാണെടുത്തത്, അതിൽ എന്താണ് അപമാനം. ഞാനെവിടെയാണ് ജാതി പറഞ്ഞത്. എ കെ ബാലനുമൊക്കെ ഇപ്പോ രം​ഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് ഓർമ്മ വേണം നിങ്ങൾക്ക്. ചൊവ്വാഴ്ച ചാനലിൽ വന്ന എന്റെ പ്രസം​ഗത്തിന് സിപിഎമ്മുകാർ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവർ ഉറങ്ങിയോ. രണ്ട് ദിവസം കഴിഞ്ഞ് അവർക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ ഇടപെട്ടു. എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി. പാർട്ടിയ്ക്കകത്ത് അക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്. 

ആദരണീയയായ ശ്രീമതി ​​ഗൗരിയമ്മയെ ചോവോത്തി എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ കുട്ടപ്പനെ ഹരിജൻ കുട്ടപ്പനെന്ന് വിളിച്ചിട്ടില്ലേ നായനാർ. ഷാനിമോൾ ഉസ്മാനെയും ലതികാ സുഭാഷിനെയും അപമാനിച്ചിട്ടില്ലേ. രമ്യാ ഹരിദാസിനെ എ വിജയരാഘവൻ അധിക്ഷേപിച്ചിട്ടില്ലേ. ആരെങ്കിലും തിരുത്തിയോ. നികൃഷ്ട ജീവിയെന്ന് വിളിച്ച് ബിഷപ് സമൂഹത്തെ അപമാനിച്ച ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അർഹിക്കുന്നത്. " സുധാകരൻ ചോദിച്ചു. 

Read Also: സുധാകരനെ പിന്തുണച്ച് കെ സി വേണുഗോപാൽ, നാടൻ പ്രയോഗം മാത്രമെന്ന് പ്രതികരണം...

അതേസമയം, കെ സുധാകരൻ ഉന്നയിച്ച വിവാദ പരാമർശത്തിനെതിരായ പ്രതികരണത്തിൽ ഷാനിമോൾ ഉസ്മാൻ ക്ഷമാപണം നടത്തി . വിവാദ പരാമർശം കോൺഗ്രസിൽ തന്നെ കലാപമായി മാറിയതോടെയാണ് സുധാകരനുണ്ടായ വിഷമത്തിൽ ഷാനിമോൾ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു. 

Read Also: അച്ഛൻ ചെത്ത് തൊഴിലാളിയായത് തെറ്റാണോ? സുധാകരന് പിണറായിയോട് വെറുപ്പാണെന്ന് എകെ ബാലൻ...