'തെറ്റ് ആർക്കും പറ്റും', ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരൻ
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്.

കണ്ണൂർ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.
ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനിൽ രംഗത്തെത്തിയിരുന്നു.
Read more: വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ യൂത്ത് കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമർശം.