Asianet News MalayalamAsianet News Malayalam

കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം, പുതിയ മുഖമുണ്ടാകണം; പൊതുപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും കെ സുധാകരൻ

കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ, രമേശ് ചെന്നിത്തല, എംകെ രാഘവൻ, കെ മുരളീധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്

K Sudhakaran says Congress leaders should have new face and new thoughts
Author
First Published Nov 26, 2022, 9:59 AM IST

കോഴിക്കോട്: നെഞ്ചോടു ചേർത്തു പോകേണ്ട സാധാരണക്കാരിൽ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോൾ സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ആളുകൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ സാധാരണക്കാർക്കൊപ്പം നേതാക്കൾ ഒട്ടി നിൽക്കണം. പൊതുവായ പ്രശ്നങ്ങൾ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ട. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ, രമേശ് ചെന്നിത്തല, എംകെ രാഘവൻ, കെ മുരളീധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ശശി തരൂരിന്റെ പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മുൻനിര നേതാക്കൾ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിൽ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. 

കേരളത്തിലെ കോൺഗ്രസ്‌ മികച്ച സംഘടന പ്രവർത്തനം ആണ് നടത്തുന്നതെന്ന് ചടങ്ങിൽ താരീഖ് അൻവർ പറഞ്ഞു. രാജ്യം വളരെ സങ്കീർണമായ രാഷ്ട്രീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണ്. ആളുകൾ യാത്രയെ സ്വീകരിക്കുന്നുണ്ട്. രാഹുലുമായി സംവദിക്കുന്നുണ്ട്. എല്ലാവരും പിന്തുണക്കുന്നു. ഇത് കാണിക്കുന്നത് കോൺഗ്രസിന്റെ തിരിച്ചു വരവാണ്. കേരളത്തിലെ കോൺഗ്രസ് വലിയ മാതൃകയാണ് എല്ലാവർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികളിലൂടെയാണ് പാർട്ടി കടന്നുപോകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ഉയർത്തുന്ന ഭീഷണിക്കെതിരെ കോൺഗ്രസ്‌ ഒന്നിച്ചു നിന്ന് പോരാടണം. രാഹുൽ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ പോരാട്ടത്തിൽ അവസാനത്തെ വിജയം കോൺഗ്രസിന് തന്നെയാകും. കേരളത്തിൽ അനവൂർ നാഗപ്പന്മാർ വിചാരിക്കുന്നവർക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടർ ഭരണത്തിന്റെ സംഭാവന. ബംഗാളിൽ സംഭവിച്ചതാണ് ഇവിടെയും നടക്കുന്നത്. മദ്യവില കൂട്ടുന്ന നടപടി മദ്യക്കമ്പനികളെ സഹായിക്കാനാണ്. ടിപി രാമകൃഷ്ണൻ ചെയ്യാതിരുന്നത് എംബി രാജേഷ് ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ടായി നിന്ന് വേണം ഇതിനെല്ലാം എതിരായി പോരാടാനെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios