Asianet News MalayalamAsianet News Malayalam

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോൺഗ്രസ്

നേതൃത്വത്തെ വെല്ലുവിളിച്ച മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.

K V Thomas to travel to Kannur for cpm party congress while kpcc prepares for action
Author
Kannur, First Published Apr 8, 2022, 6:56 AM IST

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ്സിലെ സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക്. നാളെ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ കോൺഗ്രസ് നടപടിയുണ്ടായേക്കും. നേതൃത്വത്തെ വെല്ലുവിളിച്ച മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.

പത്ത് മാസമായി തുടരുന്ന സിപിഎം - കെ വി തോമസ് ചർച്ചകളാണ് പാർട്ടി കോൺഗ്രസ് ദിനങ്ങളിൽ ക്ലൈമാക്സിൽ എത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെയുള്ള ഈ നീക്കങ്ങൾ സിപിഎമ്മിന് നേട്ടമായി. കോൺഗ്രസിൽ നിന്ന്  പുറത്തു പോകേണ്ടി വന്നാൽ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം സിപിഎം സ്വീകരിച്ച പ്രധാന തന്ത്രമായിരുന്നു കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം. കോൺഗ്രസ് ബന്ധം പൂർണമായി ഉപേക്ഷിച്ച് വന്നാൽ ഇതുവരെ വന്നവരിൽ സിപിഎമ്മിന് ഏറ്റവും വലിയ നേട്ടമാകും കെ വി തോമസ്. കോൺഗ്രസ് നടപടി അല്ലെങ്കിൽ സ്വയം പുറത്തു പോകൽ രണ്ടിലേത് സംഭവിച്ചാലും കെ വി തോമസിന് ഒപ്പം സിപിഎം ഉണ്ടാകും എന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. 

തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് എറണാകുളത്തെ പ്രമുഖൻ സിപിഎമ്മുമായി അടുക്കുന്നത്. ഇത് മുതൽക്കൂട്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കെ വി തോമസ് സിപിഎമ്മിലേക്ക് എത്തിയാൽ പ്രായം കണക്കിലെടുക്കുമ്പോൾ പാർട്ടി പദവികളിലെ പരിഗണനയ്ക്ക് തടസങ്ങളുണ്ട്. എന്നാൽ സഹയാത്രികനായി വിനിയോഗിക്കാൻ സിപിഎമ്മിനാകും. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രൊഫ കെ വി തോമസ് സ്ഥാനാർത്ഥിയായി എത്തിയാലും അതിശയപ്പെടാനില്ല. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി അടക്കം മുൻ കേന്ദ്ര മന്ത്രിക്ക് മുന്നിൽ അവസരങ്ങൾ അനേകം.

Follow Us:
Download App:
  • android
  • ios