തിരുവനന്തപുരം: തലസ്ഥനത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നിരീക്ഷണത്തിലിരിക്കവേ, ഭാര്യയോടും കുട്ടിയോടും ഇടപെട്ടതിനെത്തുടർന്ന് കുട്ടിക്ക് രോഗലക്ഷണം. ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ആറ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ  18,904 പേരാണ് കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്.

അതേസമയം സംസ്ഥാനത്ത് നടപ്പിലാക്കിയ സാമൂഹിക അടുക്കളയിലേക്ക് സംഭാവനകൾ ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.  സംഭാവനകൾ ചെയ്യാൻ താൽപ്പര്യമുള്ളവർ അറിയിച്ചാൽ ബന്ധപ്പെട്ട ആളുകൾ എത്തി ശേഖരിക്കും.അതിഥി സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്ന കോൺട്രാക്ടർമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

സംസ്ഥാനത്ത് ഇത് വരെ 165 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം ചികിത്സയിലുളള നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു.കൊവിഡ് മുൻകരുതലിന്റെ ഭാഗമായുളള ലോക്ഡൗൺ ഇന്ന് ആറാം ദിനമാണ്. ഡ്രോൺ അടക്കം ഉപയോഗിച്ച് പൊലീസിന്റെ പരിശോധന ഇന്നും തുടരുന്നുണ്ട്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കി.