ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നൽകി.
മലപ്പുറം: മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബർ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടുവ കൊന്നത്. ഗഫൂറിന്‍റ ആശ്രിതരിൽ ഒരാള്‍ക്ക് താത്കാലിക ജോലി നൽകുമെന്നും 14 ലക്ഷം ധനസഹായം നൽകുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിൽ തീരുമാനമായി. സ്ഥിര ജോലിക്കായി ശുപാര്‍ശ നൽകുമെന്നും അറിയിച്ചു.
ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഇതിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പ്രദേശത്ത് കടുവയും പുലിയുമടക്കം വന്യജീവി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാർ വലിയ തോതിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 7 മണിയോടെ അടക്കാക്കുണ്ട് റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് അബ്ദുൾ ഗഫൂറിനെ കടുവ ആക്രമിച്ചത്. പുറകുവശത്തിലൂടെ എത്തിയ കടുവ ഗഫൂറിന്‍റെ ദേഹത്തേക്ക് ചാടി വീഴുകയും കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സമദ് ബഹളം വെച്ച് ആളെ കൂട്ടി നടത്തിയ തെരച്ചിലിൽ അര കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തി. ശരീരത്തിന്‍റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
ടാപ്പിംഗ് ജോലിക്കിടെ കടുവ ചാടി വീണ് അബ്ദുൾ ഗഫൂറിനെ കഴുത്തിന് കടിച്ചെന്ന് ദൃക്സാക്ഷി സമദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗഫൂറിന്‍റെ ചെറിയ ശബ്ദം മാത്രമേ പുറത്തു വന്നുള്ളൂ. താൻ നിലവിളിച്ചാണ് പരിസരവാസികളെ കൂട്ടിയത്. പിന്നീട് കടുവ ഗഫൂറിനെ വലിച്ചുകൊണ്ടു പോയ വഴിയിൽ പിന്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയതെന്നും സമദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാസങ്ങളായി പ്രദേശത്ത് കടുവയുടേയും സാന്നിദ്ധ്യമുണ്ടായിരുന്നു. തെളിവുകളടക്കം നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഗഫൂറിന്‍റെ മരണത്തോടെ നാട്ടുകാർ വനം വകുപ്പിനെതിരെ തിരിഞ്ഞു.വനം വകുപ്പിന്‍റെ പത്ത് ലക്ഷമെന്ന പതിവ് ധനസഹായം പോരെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ സ്ഥിരം ജോലി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച് എഴുതി നൽകാതെ മൃതദേഹം കൊണ്ടുപോകാൻ അനുദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
സ്ഥലത്തെത്തിയ നിലമ്പൂർ സൗത്ത് ഡിഫ് ഒ ധനിക് ലാൽ ഉറപ്പുകൾ എഴുതി നൽകിയതോടെയാണ് നാട്ടുകാർ ശാന്തരായത്. കടുവയെ കണ്ടെത്താനും മയക്ക് വെടിവെച്ച് പിടികൂടാനുമുള്ള ശ്രമം വനംവകുപ്പ് നാളെ മുതൽ തുടങ്ങും. ഇതിനായി കുങ്കി ആനകളുടെ സേവനവും ഉപയോഗിക്കും. കടുവയെ മയക്ക് വെടിവെച്ച് പിടികൂടാൻ 25 അംഗ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തന്നെ സ്ഥലത്തെത്തും
കടുവയെ പിടികൂടുമെന്ന് വനം മന്ത്രി
കടുവയെ പിടികൂടുമെന്നും മുമ്പ് കടുവയെ കണ്ടപ്പോള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും അടുത്തകാലത്ത് കാളികാവ് മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഡോ. അരുൺ സക്കറിയ അങ്ങോട്ടേക്ക് പോയിട്ടുണ്ട്. എല്ലാ നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെല്ലാം ജനങ്ങള്‍ക്കെതിരാണെന്ന തരത്തിൽ അടച്ച് ആക്ഷേപിക്കരുതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.