തിരുവനന്തപുരം: യാത്രക്കിടെ കല്ലട ബസിലെ ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഇന്നും തുടരും. ബസിലെ മറ്റ് ജീവനക്കാർ, കഴിയാവുന്നത്ര സഹയാത്രികർ എന്നിവരിൽ നിന്ന് മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതിന് ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. 

ഇതിനിടയിൽ ബസിൽ വച്ച് അപമാനിച്ചെന്ന് യുവതി പറഞ്ഞ സമയം കണക്കാക്കി കോഴിക്കോട് നഗരത്തിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് തെളിവ് ശേഖരിക്കാനും തേഞ്ഞിപ്പാലം പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി ജോൺസൻ ജോസഫിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധയിൽ തെളിയുകയും ചെയ്തിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് പ്രതി ജോണ്‍സണ്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പരാതിക്കാരിയായ സ്ത്രീ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നാണ് പ്രതിയുടെ വാദം. 

Read Also: കല്ലട ബസ്സിലെ പീഡന ശ്രമം: തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് പ്രതി ജോണ്‍സൺ

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള  കല്ലട ബസില്‍ യാത്ര ചെയ്യുന്നതിനിടെ പീഡന ശ്രമം ഉണ്ടായിയെന്നാണ് യുവതിയുടെ പരാതി. മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. ബസ്സിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫ് ആണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Read Also: കല്ലട ബസിലെ പീഡനം: സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു