കോഴിക്കോട്: പിണറായി വിജയന് വിധേയനാകുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ല ഒരിക്കലും.ഇടത് നയങ്ങൾ മുൻനിര്‍ത്തിയാണ് മുന്നണിയിലെ പ്രവര്‍ത്തനം. അതിൽ വ്യക്തി വിരോധത്തിന്‍റെ പ്രശ്നമില്ലെന്നാണ് കാനം രാജേന്ദ്രന്‍റെ മറുപടി.

ഇടത് നയങ്ങളിൽ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് തോന്നുമ്പോഴെല്ലാം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതല്ലാതെ എന്നും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കാൻ കഴിയില്ല.ആരുടേയും ട്യൂണനുസരിച്ച് ഡാൻസ് ചെയ്യുന്ന ആളല്ലെന്നും കാനം രാജേന്ദ്രൻ കോഴിക്കോട്ട് പ്രതികരിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് അടക്കമുള്ള വിവാദങ്ങൾ വന്നപ്പോൾ മാത്രമല്ല സെക്രട്ടറിയായി പെരുമാറേണ്ട സന്ദര്‍ഭത്തിലെല്ലാം അത് ഉണ്ടായിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു. 

എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായപ്പോൾ തന്നെ പിണറായി വിജയനോട് പറഞ്ഞു. രണ്ട് മണിക്കൂറിനകം നടപടി ഉണ്ടായി. ഇനി കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ എന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. അറ്റവും മൂലയും എടുത്ത് ആരും പുറത്തിടേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിലെ പോസ്റ്റര്‍ വിവാദത്തിൽ വളരെ വേഗം പ്രതികളെ കണ്ടെത്താനായി. കേസ് മുന്നോട്ട് പോകും. പാര്‍ട്ടി പ്രതിരോധത്തിലായോ എന്ന ചോദ്യത്തിന് പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം.