തിരുവനന്തപുരം: ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോൾ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുൻകൂട്ടി കണാൻ എല്‍ഡിഎഫിന് കഴിഞ്ഞില്ല. പ്രതിപക്ഷം തെരെഞ്ഞെടുപ്പിനെ വൈകാരിക തലത്തിൽ കൊണ്ടുപോയി. അതിൽ അവർ വിജയിച്ചു. എന്നാല്‍ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണെന്നും കാനം രാജേന്ദ്രന്‍

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പരാജയം അപ്രതീക്ഷിതിമായിരുന്നുവെന്ന് കാനം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്തിന് കാരണം.  നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നിറക്കുക എന്നതായിരുന്നു പ്രധാനമായും ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാൽ ബദൽ ഉയർത്തുന്നതിൽ മതേതര പാർട്ടികൾ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അനൈക്യമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. കേന്ദ്രത്തിൽ പ്രതിപക്ഷം ശക്തമായ ബദൽ മുന്നണിയുണ്ടാക്കിയില്ലെന്നും കാനം വ്യക്തമാക്കി. 

85% കേരളത്തിലെ വോട്ടർമാരും മതനിരപേക്ഷതക്കാണ് വോട്ടു ചെയ്തത്. ഇടതുപക്ഷ ഐക്യമില്ലാത്തതിനാൽ കാര്യമായ സംഭാവന നൽകാനാകില്ലെന്ന് ജനം കരുതി. ബിജെപിക്കു ബദൽ കോൺഗ്രസാണെന്ന പ്രചരണ കേരളത്തിലുണ്ടായി. അതുവഴി മത നിരപേക്ഷ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു. എല്‍ഡിഎഫിന്‍റേത് രാഷ്ട്രീയ പരാജയമാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമം നടത്തി. 

ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോൾ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുൻകൂട്ടി കണാൻ എല്‍ഡിഎഫിന് കഴിഞ്ഞില്ല. എല്‍ഡിഎഫ് എന്ന നിലയിൽ ബഹുജന റാലികൾ സംഘടിപ്പിച്ചിരുന്നു. വിശ്വാസ സമൂഹത്തോടു വെല്ലുവെളിയെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വിശ്വാസികൾ ഇടതുമുന്നണിയെ വിശ്വാസിച്ചില്ല. 

വിശ്വാസത്തെ കോൺഗ്രസും ബിജെപിയും രാഷ്രീയ സമമായി കണ്ടു. ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ടുവന്നു. ഇതെല്ലാം താൽക്കാലികമാണ്.  സൂഷ്മമായി പരിശോധിച്ച് ജനപക്ഷ നിലപാടിൽ ഉറച്ചു നിന്നു മൂന്നാട്ടു പോകും. ഇത് അവസാനത്തെ വാക്കല്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. പ്രതിപക്ഷം തെരെഞ്ഞെടുപ്പിനെ വൈകാരിക തലത്തിൽ കൊണ്ടുപോയി. അതിൽ അവർ വിജയിച്ചു. എന്നാല്‍ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണ്. 

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12% ശതമാനമാണ്. നേരിയ വ്യത്യാസമായിരുന്നു നേരെത്തെ ഉണ്ടായിരുന്നത്. ഈ അന്തരം സി പി ഐ ഗൗരവമായി തന്നെ കാണുന്നു. ബൂത്ത് തലം മുതൽ സിപിഐ പരിശോധന നടത്തും. എല്‍ഡിഎഫ് പരാജയത്തിൽ മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. എല്‍ഡിഎഫിനെതിരായി വാർത്തകൾ പ്രചരിപ്പിക്കാൻ കോർപ്പറേറ്റ് അജണ്ടയുണ്ടായിരുന്നു. 'നമ്മൾ വിചാരിച്ചാൽ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല. ഇത്രയും പ്രായമായ വ്യക്തിയുടെ ശൈലി ഞങ്ങൾക് മാറ്റാനാകില്ല',  ഈ ശൈലി ഉണ്ടായിരിക്കുമ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയായത്, ചെങ്ങന്നൂർ ജയിച്ചതുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല കാര്യത്തിൽ എല്‍ഡിഎഫാണ് തീരുമാനിച്ചത്. നടപ്പാക്കിയ രീതിയിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു പൊലീസുകാരൻ അങ്ങോട്ട് തിരിഞ്ഞോ, ഇങ്ങോട്ട് തിരിഞ്ഞോ എന്നെന്നും ഇപ്പോൾ പറയുന്നില്ല. അകന്നുപോയ വിശ്വാസി സമൂഹത്തെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. സാമുദായിക സംഘടനകളുമായി ചർച്ച നടത്തില്ല. സാമുദായിക സംഘടനകളുമായി പിണക്കത്തിന്‍റെയും ഇണക്കത്തിന്‍റെയും കാര്യമില്ലെന്നും കാനം വ്യക്തമാക്കി.