നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, എകെ ശശീന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അന്തിമോപാചരമര്‍പ്പിച്ചു.

കോഴിക്കോട്: കൊയിലാണ്ടിയുടെ ജനകീയ മുഖമായിരുന്ന കാനത്തില്‍ ജമീല ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ കടവ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹം ഖബറടക്കി. നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. രാവില എട്ട് മണിയോടെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ അവസാനമായി കാനത്തില്‍ ജമീലയെ എത്തിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്ത് നിന്നത് വലിയ ജനക്കൂട്ടമാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, എകെ ശശീന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അന്തിമോപാചരമര്‍പ്പിച്ചു.

പിന്നീട് കര്‍മ മണ്ഡലമായ കൊയിലാണ്ടിയിലേക്ക് മൃതദേഹമെത്തിച്ചു. അത്തോളി തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു പിന്നീട് പൊതുദര്‍ശനം. ചോയിക്കുളത്തെ വീട്ടിലെത്തിച്ചപ്പോഴും വലിയ ആള്‍ക്കൂട്ടമാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഔദ്യോഗിക ബഹുമതിക്ക് ശേഷം കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലായിരുന്നു ഖബറടക്കം. സാധാരണ വീട്ടമ്മയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് നിയമസഭ വരെയെത്തിയ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട നേതാവ് ഇനി ജനമനസ്സുകളില്‍ ജീവിക്കും.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. 59 വയസായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.

YouTube video player

വീട്ടമ്മയിൽ നിന്ന് പൊതുരംഗത്തേക്ക്

ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല. വീട്ടമ്മയിൽ നിന്ന് ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് നിയമസഭയിലേക്കുമുള്ള ജമീലയുടെ വളർച്ച ജനകീയ ആസൂത്രണത്തിന്‍റെ കൈ പിടിച്ചായിരുന്നു. 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തില്‍ ജമീലയുടെ ജൈത്രയാത്ര തുടങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവർ വളര്‍ച്ച നേടിയത്. കുറ്റ്യാടി പോലുള്ള ഒരു ഗ്രാമീണ മേഖലയില്‍ ജനിച്ച കാനത്തില്‍ വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ആ വ‌ർഷം തന്നെ പഞ്ചായത്ത് പ്രസിഡന്‍റായി സജീവ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വെക്കുകയും ചെയ്തു. 1996 ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ടൻ്റെയാണ് ജമീലയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം.