തിരുവനന്തപുരം: വയനാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍റെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ജില്ല കളക്ടരെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.  കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസഥാനത്തിലാകും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. 

വയനാട്ടില്‍ വിലകൊടുത്തുവാങ്ങിയ സ്വന്തം ഭൂമി വനം വകുപ്പ് അന്യായമായി ഏറ്റെടുത്തതിനെതിരെയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം പോരാട്ടം തുടങ്ങിയത്. 
കാഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12 ഏക്കർ കൃഷിഭൂമി വനംവകുപ്പ് 1975ൽ അന്യായമായി ഏറ്റെടുതെന്നാരോപിച്ചാണ് കാഞ്ഞിരത്തിനാല്‍ കുടുംബം നീതിയ്ക്കായി പോരാട്ടം തുടങ്ങിയത്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967 ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍ നിന്ന് വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നതെന്ന് കാട്ടി 1975ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്.

ഒടുവിൽ നിയമസഭാ സമിതിയും വിധിച്ചു, അത് വനഭൂമിയല്ല, കാഞ്ഞിരത്തിനാൽ ജോ‍ർജിന്റേത് തന്നെ

2010 ഒക്ടോബര്‍ 21ന് ഇത് വനഭൂമിയായി വനംവന്യജീവി വകുപ്പ് വിജ്ഞാപനം ചെയ്യുകയും ചെയ്തു. ഒടുവിൽ സ്വന്തം ഭൂമിയിൽ കയ്യേറ്റക്കാരാക്കി അവർ തെരുവിലേക്കിറക്കപ്പെട്ടു. 2015 ഓഗസ്റ്റ് 15ന്  വയനാട് കളക്ട്രേറ്റിന് മുന്നിൽ കുടുംബം അതിജീവനത്തിനുള്ള സമരം തുടങ്ങി. പക്ഷെ താൻ വില കൊടുത്തു വാങ്ങിയ ഭൂമി കാട് കയറിക്കിടക്കുന്നത് കണ്ട് അനാഥാലയത്തിൽ കിടന്ന് മരിക്കാനായിരുന്നു ജോർജിന്റെ വിധി. ജോർജിന്റെ അതേ വഴിയിൽ തന്നെയായിരുന്നു ഭാര്യ ഏലിക്കുട്ടിയുടെ മരണവും. 

ഭൂമി സംബന്ധിച്ച് മാനന്തവാടി സബ്കളക്ടറായിരുന്ന സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകൾ വനംവകുപ്പിന് എതിരായിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത് 2007ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവും ആയി. ഇതേത്തുടര്‍ന്നു കാഞ്ഞിരത്തിനാല്‍ കുടുംബം കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ ഭൂനികുതിയും അടച്ചു.

എന്നാല്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനു നല്‍കിയ അപേക്ഷ വനം വകുപ്പ് നിഷേധിച്ചു. ഭൂമി വിട്ടുകൊടുത്തതിനെതിരെ തൃശൂരിലെ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുടെ ചുവടുപിടിച്ചും വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുമായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹർജി.

കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്നതു വനഭൂമിയല്ലെന്നു വ്യക്തമാക്കുന്ന പോലീസ്, റവന്യൂ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും കോടതിയില്‍ സര്‍ക്കാര്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ കേസില്‍ പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമായിരുന്നു വിധി. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു മുന്നില്‍ നീതിയുടെ വാതിലുകള്‍ ഒന്നൊന്നായി അടഞ്ഞപ്പോഴാണ് ഹരിതസേനയും പിന്നാലെ കര്‍ഷകസംഘവും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്.