കെ കെ രാധാകൃഷ്ണൻ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലത്തു രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

കണ്ണൂർ: കെ കെ രാധാകൃഷ്ണൻ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലത്തു രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സുഹൃത്തായിരുന്നു സന്തോഷ്. 2025 മാർച്ച് 10നാണ് കൈതപ്രത്ത് നിർമ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്നിട്ടും മിനി നമ്പ്യാർ കൊലപാതകം നടന്നത് അറിഞ്ഞിട്ടും എത്തിയിരുന്നില്ല. ഇത് അന്വേഷിച്ച പൊലീസാണ് മിനി നമ്പ്യാരുടെ അറിവോടെയാണ് കൊലപാതകം നടന്നത് എന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മിനി നമ്പ്യാർ താമസിച്ച വീടിനോട് ചേർന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കാണുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)