കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ സഹകരണ മേഖലയിൽ 1582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി രാജീവ് ചന്ദ്രശേഖർ. സഹകരണ സ്ഥാപനങ്ങളെ ശുദ്ധീകരിക്കുമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സഹകരണ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 1582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയവർ ഇപ്പോഴും അവരുടെ പണം തിരികെ ലഭിക്കാനായി കാത്തിരിക്കുകയാണ്. അഴിമതിയും അഴിമതിക്കാരായ രാഷ്ട്രീയക്കാരും- നമുക്ക് ഇത് ഇനിയും ആവശ്യമുണ്ടോ അതോ ഇത് അവസാനിപ്പിക്കണമോ എന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ചോദ്യം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുണ്ടായ ഒരു സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ പങ്കെടുത്ത സഹകരണ വാരാഘോഷ പരിപാടി സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തുകയും എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയെ മർദ്ദിക്കുകയും ചെയ്തിരുന്നു.

സഹകരണ മേഖലയിലെ അഴിമതി അക്കമിട്ട് നിരത്തി രാജീവ് ചന്ദ്രശേഖർ

  • 10 വർഷത്തിനിടെ സഹകരണ ബാങ്കുകളിൽ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ
  • 450 സഹകരണ സംഘങ്ങൾക്ക് നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയുന്നില്ല, 251 എണ്ണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി
  • ഏകദേശം 550 കോടി രൂപയുടെ 27 സഹകരണ ബാങ്ക് കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു
  • കരുവന്നൂരിൽ 128 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി
  • തന്‍റെ മണ്ഡലമായ നേമത്ത്, 1,200-ലധികം നിക്ഷേപകർ പണം തിരികെ കിട്ടാൻ കാത്തിരിക്കുന്നു. 108 കോടിയോളം വരും ആകെ തുക.
  • ഇവരെ സഹായിക്കാൻ സർക്കാരിന്റെ റിസ്ക് ഫണ്ടിന് കീഴിൽ യാതൊരു വ്യവസ്ഥയുമില്ല

സഹകരണ സ്ഥാപനങ്ങളെ ശുദ്ധീകരിക്കുമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും സഹകരണ ബാങ്കുകളിലും സഹകരണ സംഘം രജിസ്ട്രാർ ഓഫീസുകളിലും ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുമെന്നും ബിജെപിയുടെ 'വികസിത കേരളം' വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ചൂഷണത്തിന് അറുതി വരുത്തി സഹകരണ സ്ഥാപനങ്ങളെ ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.