Asianet News MalayalamAsianet News Malayalam

Kannur University VC : കണ്ണൂർ വിസി പുനർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി; സർക്കാരിന് ആശ്വാസം

ഗവർണറും, മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ കത്തിടപാട് ഈ ഹർജിയുടെ പരിധിയിൽ വരുന്നില്ലെന്നും അതിനാലാണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്.

Kannur University VC appointment controversy high court verdict relief for government
Author
Kochi, First Published Dec 15, 2021, 7:46 PM IST

കൊച്ചി: കണ്ണൂർ സർവകലാശാല വിസിയുടെ (Kannur University) പുനർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി (High Court). പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല. സെലക്ട് കമ്മിറ്റി രൂപീകരിക്കണം എന്നുമില്ല. യുജിസി ചട്ടങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. പുനർ നിയമനത്തിനെതിരായ ഹർജികൾ തള്ളിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഗവർണറും, മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ കത്തിടപാട് ഈ ഹർജിയുടെ പരിധിയിൽ വരുന്നില്ലെന്നും അതിനാലാണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്. കണ്ണൂർ വിസി നിയമന വിവാദത്തിൽ സർക്കാരിന് വലിയ ആശ്വാസമാണ് ഹൈക്കോടതി വിധി. 

കണ്ണൂർ വിസി നിയമനം സുതാര്യമാണെന്നും ഗവർണ്ണർ വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വിസി നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നൽകാനാണ് സിപിഎം നീക്കം. മന്ത്രി ബിന്ദുവിന്‍റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവർണ്ണർ തുറന്നുവിട്ട സർവകലാശാല വിവാദത്തിൽ സർക്കാരിനെ ഏറ്റവും വെട്ടിലാക്കിയത് കണ്ണൂർ വിസി നിയമനമാണ്. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയത് പിടിവള്ളിയാക്കി വിവാദങ്ങളെ നേരിടാനാണ് സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ. 

ക്യാബിനറ്റിൽ പിണറായി തുടർന്ന  വിമർശനം സിപിഎം നേതാക്കൾ ഇനി കൂടുതൽ ശക്തമാക്കും. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവർണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. 

ഇന്നത്തെ ആശ്വാസം നാളത്തെ തിരിച്ചടിയാകുമോ എന്ന ആശങ്കയും സർക്കാരുനുണ്ട്. ഇന്ന് കോടതിയിൽ തുണയായത് നിയമനം ഗവർണർ അംഗീകരിച്ചതാണെങ്കിൽ ഇപ്പോൾ നിയമനം ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവർണ്ണർ. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നുവെന്ന ഗവർണറുടെ വെളിപ്പെടുത്തലും വിസിയെ പുനർനിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് നടപടി. 

കേസിൽ സുപ്രധാനമായ ഈ തെളിവുകളുമായി ഹർജിക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് പോകുമ്പോൾ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാൻ സാധ്യത ബാക്കി. സർക്കാർ ആശ്വസിക്കുമ്പോൾ ബിന്ദുവിന്‍റെ രാജിയിലേക്ക് വിവാദം കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യം. സർക്കാരിനൊപ്പം സമ്മർദ്ദത്തിന് വഴങ്ങിയതിന് ഗവർണറെയും വിമർശിക്കുന്നു യുഡിഎഫ്. 

Follow Us:
Download App:
  • android
  • ios