ഹിജാബ് നിരോധനവും ടിപ്പു സുൽത്താൻ വിവാദവും പോലുള്ളവയെ അനുകൂലിക്കുന്നില്ലെന്ന് യെദിയൂരപ്പ പ്രതികരിച്ചു. വിവാദമുയർത്തിയല്ല, വികസനം പറഞ്ഞ് വോട്ട് തേടണമെന്നും യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബംഗ്ലൂരു: ബജ്‍രംഗദൾ നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ കോൺഗ്രസ് പറഞ്ഞത് വിഢിത്തമെന്നും ആ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കിയെന്നും മുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. ഹിജാബ് നിരോധനവും ടിപ്പു സുൽത്താൻ വിവാദവും പോലുള്ളവയെ അനുകൂലിക്കുന്നില്ലെന്ന് യെദിയൂരപ്പ പ്രതികരിച്ചു. വിവാദമുയർത്തിയല്ല, വികസനം പറഞ്ഞ് വോട്ട് തേടണമെന്നും, ജഗദീഷ് ഷെട്ടർ വിജയിക്കുന്ന കാര്യം സംശയമാണെന്നും യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

80 വയസ്സിന് മുകളിൽ പ്രായം. സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. എന്നിട്ടും താങ്കൾ രാഷ്ട്രീയരംഗത്ത് സജീവമായി തുടരുന്നു. എന്താണ് പ്രചാരണങ്ങൾക്കെത്തുമ്പോൾ താങ്കൾക്ക് കിട്ടുന്ന പ്രതികരണം?

വിരമിക്കാനും, മുഖ്യമന്ത്രിസ്ഥാനം ഒഴിയാനുമുള്ള തീരുമാനം ഞാൻ സ്വമേധയാ എടുത്തതാണ്. ഇത്തവണ 120-130 സീറ്റുകൾ ബിജെപിക്ക് കിട്ടും. സർക്കാർ രൂപീകരിക്കുകയും ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങണം. കഴിഞ്ഞ തവണ 25 സീറ്റുകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയതാണ്. ഇത്തവണ ആ സംഖ്യ നിലനിർത്തണം. 

ബജ്‍രംഗദൾ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. അതേക്കുറിച്ച് താങ്കൾ കരുതുന്നതെന്താണ്?

അത് നടക്കില്ല. സംസ്ഥാനത്തെമ്പാടും ശക്തമായ, സംഘടിതമായ രീതിയിൽ യൂണിറ്റുകളായി പ്രവർത്തിക്കുന്ന സംഘടനയാണ് ബജ്‍രംഗദൾ. കോൺഗ്രസിന്‍റെ ഈ വാഗ്ദാനം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. അവർ ചെയ്തത് വിഡ്ഢിത്തരമാണ്. 

YouTube video player

ഹിജാബ് നിരോധനം, ടിപ്പു സുൽത്താൻ വിവാദം എന്നിവ ഈ തെരഞ്ഞെടുപ്പിൽ സജീവമായ വിവാദവിഷയങ്ങളാണ്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
ഞാൻ അത്തരം വിവാദങ്ങളെ അനുകൂലിക്കുന്നില്ല. വികസനം ഉയർത്തിക്കാട്ടി വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ. 

ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടറും ലക്ഷ്മൺ സാവ്‍ദിയും പാർട്ടി വിട്ടത് ബാധിക്കുമോ?

തീർച്ചയായും ഇല്ല. ലക്ഷ്മൺ സാവ്‍ദിക്ക് തെരഞ്ഞെടുപ്പിൽ തോറ്റിട്ടും എംഎൽസി സ്ഥാനവും ഉപമുഖ്യമന്ത്രിപദവും ഞങ്ങൾ കൊടുത്തു. ആറ് വ‍ർഷത്തെ കാലാവധിയുണ്ടായിട്ടും ആ പദവി ഉപേക്ഷിച്ച് സാവ്‍ദി സ്വാർഥലാഭത്തിന് വേണ്ടി പാർട്ടി വിട്ടു. ജഗദീഷ് ഷെട്ടറുടെ ഭാര്യയ്ക്ക് സീറ്റ് കൊടുക്കാമെന്ന് പറഞ്ഞു, രാജ്യസഭാ സീറ്റ് കൊടുക്കാമെന്ന് പറഞ്ഞു. അമിത് ഷാ നേരിട്ട് സംസാരിച്ചു. എന്നിട്ടും ഷെട്ടർ പാർട്ടി വിട്ടില്ലേ? ഇത്തവണ ഷെട്ടറുടെ വിജയം പോലും സംശയമാണ്. 

പട്ടികവിഭാഗങ്ങൾക്കിടയിൽ സംവരണപ്രക്ഷോഭം ശക്തമാണല്ലോ, ബഞ്ജാര സമുദായങ്ങൾ തെരുവിലിറങ്ങുകയും ചെയ്തു?

പട്ടികവിഭാഗങ്ങൾക്കിടയിൽ അതൃപ്തിയില്ല. ബഞ്ജാര സമുദായക്കാർക്ക് ഉണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു. അവർക്കിപ്പോൾ ഒരു പ്രശ്നവുമില്ല. ബിജെപിക്കൊപ്പം തന്നെ അവരുണ്ട്. 

കൃത്യം എത്ര സീറ്റ് ലഭിക്കുമെന്നാണ് താങ്കളുടെ കണക്ക് കൂട്ടൽ?

130 മുതൽ 135 സീറ്റ് വരെ കിട്ടും. ഞങ്ങൾ സർക്കാർ രൂപീകരിക്കുകയും ചെയ്യും.