മലപ്പുറം: ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ഇന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങൾ. ഇതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിനിടെ, ആശ്വാസമായി കാണാതായ നാല് പേർ ബന്ധുവീടുകളിലുണ്ടെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത് 40 പേരെയാണ്. 

കൂടുതൽ വായിക്കാം: കെട്ടിപ്പിടിച്ച് ഒന്നിച്ചുറങ്ങട്ടെ അവർ: അലീനയും അനഘയും അവസാന യാത്രയിലും ഒപ്പം...

ഉരുൾപൊട്ടി വരുന്നതിനിടെ തലയിടിച്ച് വീണും, ചളിയിൽ പുതഞ്ഞും രക്ഷപ്പെട്ടതിന്‍റെ കഥ പറഞ്ഞ്, മണ്ണിൽ പുതഞ്ഞുപോയ വീടിനെക്കാണാൻ വേദനയോടെ വന്നു നിന്ന കനകമ്മ മുതൽ, അടയാളം വച്ച് കാലിനടിയിലുള്ള അച്ഛനെയും അമ്മയെയും ഒന്ന് എടുത്തു തരണേ എന്ന് പറയുന്ന സുമോദും സുമേഷും, കെട്ടിപ്പിടിച്ച് ഉറങ്ങവെ മണ്ണിടിഞ്ഞ് മരണം കൊണ്ടുപോയ അലീനയും അനഘയും വരെ കവളപ്പാറയുടെ കണ്ണീരാണ്. 

കൂടുതൽ വായിക്കാം: മണ്ണിനടിയിൽ അമ്മയുണ്ട്, അച്ഛനും: ബാക്കി അമ്മയുടെ പേരെഴുതിയ കടലാസ് മാത്രം ..

44 വീടുകളാണ് ഒറ്റയടിക്ക് കവളപ്പാറയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്ന മൺകൂനയിൽ തിട്ടകൾ ഹിതാച്ചി കൊണ്ട് നീക്കി, സൂക്ഷിച്ച് മണ്ണ് മാറ്റി, കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചെടുത്താണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നത്. മഴ മാറി നിന്നതിനാൽ കൂടുതൽ സജീവമായ തെരച്ചിലാണ് ഇന്ന് നടന്നത്. ഫയർഫോഴ്‍സ്, അഗ്നിശമനസേന, സന്നദ്ധസംഘടനകൾ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രങ്ങൾ കൂടുതലായെത്തി. കെട്ടിക്കിടന്ന ചെളി പമ്പ് ചെയ്ത് കളഞ്ഞ്, പതിയെപ്പതിയെ മണ്ണ് നീക്കിയാണ് രക്ഷാപ്രവർത്തനം നടന്നത്. 

കൂടുതൽ വായിക്കാം: "മൃതദേഹങ്ങളും ഒപ്പം കവറിലാക്കി തലകളും"; കവളപ്പാറയിൽ നിന്നും അശ്വതി ഡോക്ടര്‍ പറയുന്ന അനുഭവ കഥ

രക്ഷാപ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്ന ആക്ഷേപം ആദ്യം മുതൽക്ക് തന്നെയുണ്ട്. എന്നാൽ രക്ഷാസേനകൾക്ക് എത്താൻ ബുദ്ധിമുട്ടുണ്ടായതിനാലാണ് ആദ്യം രക്ഷാപ്രവർത്തനം സജീവമല്ലാതിരുന്നതെന്ന് മന്ത്രി കെ ടി ജലീൽ.

ഉറ്റവരെത്തേടി, കഷ്ടിച്ച് രക്ഷപ്പെട്ടവരും അല്ലാത്തവരുമായവർ കാത്തുനിൽക്കുകയാണ് ഇവിടെ, ഇപ്പോഴും. 

കൂടുതൽ വായിക്കാം: ദൂരെ നിന്ന് നോക്കുമ്പോൾ, കുന്നിടിഞ്ഞ് ഇറങ്ങി വന്ന മരണത്തിന്‍റെ ആ കാഴ്ച, മനസ്സ് നടുങ്ങും