ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. സേലം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരീലകുളങ്ങര സ്വദേശി ഷമീർ ഖാനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ബാറിനു മുന്നിൽ വച്ചുണ്ടായ സംഘർഷത്തെ തുടര്‍ന്ന് ഷമീർ ഖാനെ പ്രതികൾ കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

ആ​ഗസ്റ്റ് 21-ന് രാത്രി പതിനൊന്നരയോടെ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദേശത്തായിരുന്ന ഷമീർ ഖാൻ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. വിവാഹം ഉറപ്പിച്ചതിന്‍റെ സൽകാരത്തിനായി കരീലകുളങ്ങരയിൽ നിന്നും സുഹൃത്തുക്കളുമായി ഷമീർ ഖാൻ ദേശീയപാതയോട് ചേർന്ന ഹൈവേ പാലസ് ബാറിലെത്തി. ബാറിന്‍റെ പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് ജീവനക്കാർ ഷമീറിനെയും സംഘത്തെയും അറിയിച്ചു. എന്നാൽ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീർ ഖാനുമായി തർക്കമുണ്ടായി.

വായിക്കാം; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് കാര്‍ കയറ്റിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍

ഈ സമയം ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികളുമായി ഷമീർ ഖാനും സംഘവും തർക്കത്തിലായി. പിന്നീട് ഇരുസംഘങ്ങളായി തിരിഞ്ഞ് കയ്യാങ്കളിയായി. പ്രതികളിൽ ഒരാൾ ഷമീർ ഖാന്‍റെ മുഖത്ത് ബീയർ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ, മറ്റൊരു പ്രതി കാർ മുന്നോട്ട് എടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി. സംഭവസ്ഥലത്ത് വച്ചു തന്നെ ഷമീർ മരിച്ചു.

വായിക്കാം; നമ്പർ പ്ലേറ്റും ജിപിഎസും തുമ്പായി, കൊലക്കേസ് പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ

പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടിരുന്നു. കൊലനടന്ന സ്ഥലത്ത് നിന്ന് കാറിന്‍റെ നമ്പ‍ർ പ്ലേറ്റ് പൊലീസിന് കിട്ടി. ഇതേതുടർന്നുള്ള അന്വേഷണത്തിനൊടുവിൽ കിളിമാനൂരിൽ വച്ച് വാഹനവും പ്രതികളിൽ ഒരാളായ ഷിയാസിനെയും അന്വേഷണസംഘം പിടികൂടിയിരുന്നു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.