തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്

തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറാണ് പിടിയിലായ പ്രതി. സംഭവത്തിനുശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘം മധുരയിലെത്തി സാഹസികമായാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ യുവതി കഴക്കൂട്ടം പൊലിസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് യുവതിയുടെ മൊഴി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഹോസ്റ്റലുകള്‍ക്ക് പൊലീസ് നോട്ടീസ്

അതേസമയം, ഹോസ്റ്റലിലെ പീഡനത്തിന് പിന്നാലെ കഴക്കൂട്ടത്തെ ഹോസ്റ്റലുകള്‍ക്ക് പൊലീസ് നോട്ടീസ് നൽകി. മതിയായ സുരക്ഷ ഹോസ്റ്റലുകളിൽ ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നുമാണ് പൊലീസ് നിര്‍ദേശം. വനിത ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാകാറുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നു. വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളും നേരത്തെയുണ്ടായിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയുള്ള പീഡനം നടന്നത്.

YouTube video player