Asianet News MalayalamAsianet News Malayalam

സംസ്ഥാന കോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച് വേണുഗോപാല്‍ ഗ്രൂപ്പ്, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം

ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ കൂടുതല്‍ നേതാക്കള്‍ കെ.സി. പക്ഷത്തേക്ക് ചായാനുള്ള സാധ്യതയും ഏറി. 

kc venugopal group foothold in congress kerala apn
Author
First Published Nov 15, 2023, 10:11 AM IST

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് ചുവടുറപ്പിച്ചു. എ ഗ്രൂപ്പിലെ വിമതരെ ഒപ്പം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലുണ്ടാക്കിയത് മികച്ച മുന്നേറ്റം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ കൂടുതല്‍ നേതാക്കള്‍ കെ.സി. പക്ഷത്തേക്ക് ചായാനുള്ള സാധ്യതയും ഏറി.  

''എന്റെ പേരിൽ ആരെങ്കിലും ഗ്രൂപ്പ് നടത്തുന്നുണ്ടെങ്കിൽ അത് അവര്‍ അറിഞ്ഞുകൊളളും ''-യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇതായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ഫലം വന്നപ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കെ.സി ഗ്രൂപ്പ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ആദ്യം തോന്നിപ്പിച്ചു. ഇതിനിടയിലൂടെ സംസ്ഥാന ഭാരവാഹികളെയും ജില്ലാ അധ്യക്ഷന്മാരെയും നേടിയെടുത്തു. എ ഗ്രൂപ്പ് വിട്ട ടി.സിദ്ദീഖിനെ ഒപ്പം നിര്‍ത്തി കോഴിക്കോട് വിജയിച്ചു. എ ഗ്രൂപ്പുമായി അകന്ന വിഎസ് ജോയിയെ ചേര്‍ത്തുപിടിച്ച് മലപ്പുറവും ഒപ്പംകൂട്ടി. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായിരുന്ന കോട്ടയത്തും എ ഗ്രൂപ്പിനെ പിളര്‍ത്തി. തിരുവഞ്ചൂരിനെ ഒപ്പം നിര്‍ത്തി വിജയം കണ്ടു. പത്തനംതിട്ടയിലും എ ഗ്രൂപ്പിലെ തര്‍ക്കങ്ങളെ മുതലെടുത്തു. 

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്തെത്തുമുള്ള വാർത്ത തെറ്റ്; ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി

സ്വന്തം തട്ടകമായ ആലപ്പുഴയില്‍ ഐ ഗ്രൂപ്പിനെ പിളര്‍ത്തിയാണ് വിജയത്തിന്‍റെ വക്കോളമെത്തിയത്. സംസ്ഥാനമുടനീളം തിരഞ്ഞെടുപ്പിനായി കെസി ഗ്രൂപ്പിനെ സജ്ജമാക്കിയത് ബിനു ചുള്ളിയിലിന്‍റെ നേതൃത്വം. കെ.എസ്.യു തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവി ഉള്‍പ്പടെ അഞ്ചുജില്ലകള്‍ നേടിയ കെസി ഗ്രൂപ്പ് യൂത്ത് കോണ്‍ഗ്രസിലും പിടിമുറുക്കി. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ നാഥനില്ലാതെയായ എ ഗ്രൂപ്പില്‍ നിന്നാണ് കെസി വേണുഗോപാല്‍ പക്ഷത്തേക്കുള്ള ഒഴുക്ക്. നേതൃനിരയില്‍ ആള്‍ബലം കുറവായിട്ടും ഐ ഗ്രൂപ്പിന് ഭേദപ്പെട്ട നിലയൊരുക്കാന്‍ രമേശ് ചെന്നിത്തലയ്ക്കും കഴിഞ്ഞു. ചുരുക്കത്തില്‍ മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കോണ്‍ഗ്രസിലെ ശാക്തിക ചേരി വെളിവാക്കുന്നതായി യൂത്തുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്.

Follow Us:
Download App:
  • android
  • ios