തിരുവനന്തപുരം: സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ യുജിസി ചട്ടങ്ങളെല്ലാം പാലിക്കണമെന്ന് ഉത്തരവിട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. പ്രിൻസിപ്പൽ നിയമനത്തിന് സീനിയോരിറ്റി മാനദണ്ഡമായി നിയമനം നടത്താനുള്ള നീക്കം നടത്തിയ ഉന്നതവിദ്യാഭ്യാസവകുപ്പിന് തിരിച്ചടിയാണ് 'കാറ്റി'ന്‍റെ ഈ ഉത്തരവ്. കോളേജ് പ്രിൻസിപ്പൽമാർക്ക് നിലവിലുള്ള പിഎച്ഡി യോഗ്യതയ്ക്കും 15 വർഷത്തെ അധ്യാപന സർവ്വീസിനും പുറമെ അധിക യോഗ്യതകൾ നിശ്ചയിച്ചിരുന്നു. ഇതെല്ലാം കാറ്റിൽപ്പറത്തി, സീനിയോരിറ്റി മാത്രം മാനദണ്ഡമായി നിയമനം നടത്താൻ ഒരുങ്ങുകയായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ്. 

സീനിയോറിറ്റിക്ക് പുറമെ അധികയോഗ്യതാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയ യുജിസി  നിർദേശം അട്ടിമറിച്ച് താൽക്കാലിക നിയമനം നടത്തുന്നത് സ്വന്തക്കാർക്ക് വേണ്ടിയെന്നാണ് പരാതി ഉയർന്നത്. 

2018ലെ പുതിയ യുജിസി മാർഗ നിർദേശ പ്രകാര കോളേജ് പ്രിൻസിപ്പൽമാർക്ക് നിലവിലുള്ള പിഎച്ച്ഡി യോഗ്യതയ്ക്കും 15 വർഷത്തെ അധ്യാപന സർവ്വീസിനും പുറമെ അധിക യോഗ്യതകൾ നിശ്ചയിച്ചിരുന്നു. യുജിസി അംഗീകൃത ജേണലുകളിൽ ചുരുങ്ങിയത് പത്ത് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്നതും ഗവേഷണ സ്കോർ 110 എങ്കിലും വേണമെന്നതും ആയിരുന്നു ഇത്. ഇത് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമാണ്.  

പുതുക്കിയ യോഗ്യതാ മാനദണ്ഡ പ്രകാരം കോളേജ് ഡയറക്ടർ ഉത്തരവിറക്കി, അപേക്ഷയും സ്വീകരിച്ചു. എന്നാൽ ഏറ്റവുമൊടുവിൽ നടന്ന യോഗത്തിലെ തീരുമാന പ്രകാരം പ്രിൻസിപ്പൽ തസ്തികയിൽ ചട്ടം മറികടന്ന് സീനിയോറിറ്റി പ്രകാരം താൽക്കാലിക നിയമനം നടത്താമെന്ന് തീരുമാനിച്ചു. പഴയ യോഗ്യത പ്രകാരം നിയമനം നടത്തുന്നതിന് റിപ്പോർട്ട് ലഭ്യമാക്കാൻ കോളേജ് ഡയറക്ട‍ർ പ്രിൻസിപ്പൽമാർക്ക് രഹസ്യ നിർദേശം നൽകി.   

പുതിയ റഗുലേഷൻ ബാധമാക്കിയ സർക്കാർ ഉത്തരവും സിൻഡിക്കേറ്റ് തീരുമാനവും നിലനിൽക്കെയാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമം സംഘടനാ നേതാക്കൾക്ക് വേണ്ടിയാണെന്നാണ് ആരോപണം. പട്ടികയിൽ   ഭരണാനുകൂല സംഘടനയിലെ പല അധ്യാപകർക്കും പുതിയ ചട്ടപ്രകാരമുള്ള യോഗ്യതയില്ല.     

നിലവിൽ 44 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പാൾ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവരിൽ 35 പേർക്കാണ് പുതുക്കിയ മാർഗനിദേശ പ്രകാരമുള്ള യോഗ്യതയുള്ളത്.  വിഷയത്തിൽ അധ്യാപകർ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേസമയം, പുതിയ ചട്ടം നടപ്പാക്കാൻ 2021 വരെ സമയമുണ്ടെന്നാണ് സീനിയോറിറ്റി നിയമനങ്ങൾക്കായി വാദിക്കുന്നവർ പറയുന്നത്. യോഗ്യതകളുള്ളവരെയാണ് നിയമിക്കുന്നതെന്നുമാണ് ഇവരുന്നയിക്കുന്ന വാദം.

Read more at: കോളേജ് പ്രിൻസിപ്പൽ നിയമനം: യുജിസി ചട്ടം പാലിക്കാതെ യോഗ്യതയില്ലാത്തവരെ നിയമിക്കാൻ നീക്കം