ജില്ലയിലെ 13-ല്‍ പതിമൂന്ന് സീറ്റുകളിലും വിജയം നേടുമെന്നാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അവകാശവാദം. കോഴിക്കോട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രം അറിയാവുന്ന ആരും ഈ അവകാശ വാദം അതിരുകടന്നതല്ലേയെന്ന് സംശയിക്കും.

നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വിഡ‍ി സതീശന്‍റെ അവകാശവാദം യുഡിഎഫ് കൈവരിച്ച ആത്മവിശ്വാസത്തിന്‍റെ അളവുകോലാണെങ്കില്‍ അതിന് അടിത്തറ പാകിയ ജില്ലകളിലൊന്നാണ് കോഴിക്കോട്. ജില്ലയിലെ 13-ല്‍ പതിമൂന്ന് സീറ്റുകളിലും വിജയം നേടുമെന്നാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അവകാശവാദം. കോഴിക്കോട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രം അറിയാവുന്ന ആരും ഈ അവകാശ വാദം അതിരുകടന്നതല്ലേയെന്ന് സംശയിക്കും. കാരണം, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഇതുവരെയുളള ഒരു കണക്കുകളിലും യുഡിഎഫിന് ഇത്തരമൊരു മുന്നേറ്റം കോഴിക്കോട് നടത്താനായിട്ടില്ല. മാത്രമല്ല 2021-ല്‍ കേവലം രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്‍റെ ജയം- കൊടുവളളിയിലും വടകരയിലും. വടകരയിലേത് യുഡിഎഫ് പിന്തുണയില്‍ ആര്‍എംപി നേടിയ ജയം ആയിരുന്നെന്നും ഓര്‍മിക്കണം. കോണ്‍ഗ്രസിനാകട്ടെ സ്വന്തം ചിഹ്നത്തില്‍ ഒരാളെപ്പോലും ജില്ലയില്‍ നിന്ന് നിയമസഭയിലേക്കയക്കാന്‍ കഴിഞ്ഞതുമില്ല. എന്നിട്ടും ഇത്തരമൊരു പ്രതീക്ഷ പങ്കുവെക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം

കോഴിക്കോട് പോലെ ഇടതുമുന്നണിക്ക് സമഗ്രാധിപത്യം ഉണ്ടായിരുന്നൊരു ജില്ലയില്‍ എങ്ങനെയാണ് സമ്പൂര്‍ണ ജയം അവകാശപ്പെടാന്‍ യുഡിഎഫിന് ധൈര്യം കിട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ തനിയാവര്‍ത്തനമെന്നോണം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിലും മുന്നണി കൈവരിച്ച അപ്രതീക്ഷിത മുന്നേറ്റമാണ് ഇതിന്‍റെ പ്രധാന കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ നേടിയ ലക്ഷം കടന്ന ഭൂരിപക്ഷം മുന്നണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയമാണ് കാല്‍ നൂറ്റാണ്ടോളമായി കൈപ്പത്തിക്ക് ഇടമില്ലാത്ത കോഴിക്കോട്ട് മുഴുവന്‍ സീറ്റുകളിലും വിജയം എന്ന ലക്ഷ്യം വയ്ക്കാന്‍ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയത്. കോര്‍പറേഷനില്‍ 28 സീറ്റുകള്‍ നേടിയ യുഡിഎഫ് ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ജയിച്ചു കയറി. സിപിഎം മാത്രം ഭരിച്ചിട്ടുളള കോട്ടൂര്‍, കരുവട്ടൂര്‍, പേരാമ്പ്ര തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ ആദ്യമായി യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്‌തു.

ബേപ്പൂരിലെ പോരും സതീശന്‍റെ വാഗ്ദാനവും

കേരളം ശ്രദ്ധയോടെ വീക്ഷിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന പോരാട്ടം ബൈപ്പൂരിലാണ്. രണ്ട് ടേം സിപിഎം പിന്തുണയോടെ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി വി അന്‍വര്‍ സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിന്‍റെ വാഴ്ത്തുപാട്ട് സംഘങ്ങളുടെ നേതാവായിരുന്നു ഏറെക്കാലം. ഇപ്പോഴും പൂര്‍ണമായി വെളിവായിട്ടില്ലാത്ത വിവിധ പ്രശ്നങ്ങളെച്ചൊല്ലി സിപിഎമ്മുമായി ഭിന്നതയിലായ അന്‍വര്‍ പിന്നീട് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നടത്തുന്നതിനേക്കാള്‍ വലിയ കടന്നാക്രമണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയത്. ബേപ്പൂരിലെ പോരാട്ടം പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആണെന്ന അന്‍വനറിന്‍റെ പ്രസംഗത്തിന് കൈയടി കിട്ടുന്നുണ്ടെങ്കിലും ബേപ്പൂരില്‍ അട്ടിമറി അത്ര എളുപ്പമല്ല. സിപിഎമ്മിന്‍റെ അടിയുറച്ച മണ്ഡലം എന്നതിലുപരി അഞ്ച് വര്‍ഷക്കാലം എംഎല്‍എ എന്ന നിലയില്‍ മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നടത്തിയ സജീവ ഇടപെടലും ബേപ്പൂരില്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്. അതേസമയം, തദ്ധേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടി യുഡിഎഫ് ക്യാംപ് ചൂണ്ടിക്കാട്ടുന്നു. ബേപ്പൂരില്‍ റിയാസ് ജയിക്കുകയും ഭരണത്തില്‍ ഇടതുമുന്നണിക്ക് തുടര്‍ച്ച ലഭിക്കുകയും ചെയ്താല്‍ റിയാസ് കൂടുതല്‍ പ്രധാന ചുമതലകളില്‍ എത്തുമെന്ന പ്രതീക്ഷ ഇടത് പ്രവര്‍ത്തകര്‍ സജീവമായി പങ്കു വയ്ക്കുന്നുണ്ട്. അതേസമയം ജയിച്ചാല്‍ അന്‍വര്‍ വെറും എംഎല്‍എ മാത്രം ആയിരിക്കില്ലെന്ന വി ഡി സതീശന്‍റെ പ്രഖ്യാപനം ഇതിനുളള മറുപടി കൂടിയാണ്.

എങ്ങോട്ടും മറിയാവുന്ന കുറ്റ്യാടിയും നാദാപുരവും തിരുവമ്പാടിയും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളിലൊന്നാണ് കുറ്റ്യാടി. മുസ്ലിം ലീഗിലെ പാറയ്ക്കല്‍ അബ്ദുളളയെ 333 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിലെ കെ പി കുഞ്ഞമ്മദ് കുട്ടി തോല്‍പ്പിച്ചത്. 2016-ല്‍ പാറയ്ക്കല്‍ അബ്‌ദുളള കെകെ ലതികയെ തോല്‍പ്പിച്ചതാകട്ടെ 1157 വോട്ടുകള്‍ക്കും. അതായത്, ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രം നല്‍കുന്ന കുറ്റ്യാടി ആര്‍ക്കൊപ്പം എന്നറിയാന്‍ ഇക്കുറിയും വോട്ടെണ്ണലിന്‍റെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നേക്കും എന്ന് സാരം. സിപിഐ തുടര്‍ച്ചയായി ജയിച്ചുവരുന്ന നാദാപുരത്ത് കോണ്‍ഗ്രസിന്‍റെ യുവനേതാവ് കെ എം അഭിജിത്താണ് സിപിഐയിലെ പി വസന്തത്തെ നേരിടുന്നത്. കഴി‍ഞ്ഞ വട്ടം കേവലം 4035 വോട്ടുകള്‍ക്ക് ഇ കെ വിജയനോട് കോണ്‍ഗ്രസിലെ പ്രവീണ്‍കുമാര്‍ തോറ്റ മണ്ഡലത്തില്‍ ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ തന്നെ അഭിജിത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാദാപുരത്തെ കാറ്റ് ഇത്തവണ യുഡിഎഫിന് അനുകൂലം എന്നാണ് ഇതുവരെയുളള പ്രചാരണരംഗം നല്‍കുന്ന സൂചന. ആര് ജയിച്ചാലും ഭൂരിപക്ഷം അയ്യായിരം കടക്കാത്ത തിരുവമ്പാടിയില്‍ സിപിഎമ്മിലെ യുവ എംഎല്‍എ ലിന്‍റോ ജോസഫ് മികച്ച പ്രതിച്ഛായയുമായാണ് രണ്ടാം വട്ടം ജനവിധി തേടുന്നത്. മലയോര ഹൈവേ, തുരങ്ക പാത നിര്‍മാണം തുടങ്ങി മേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം ഉള്‍പ്പെടെയുളള നേട്ടങ്ങളുടെ പട്ടികയുമായാണ് ലിന്‍റേയുടെ വരവ്. എന്നാല്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുളള മണ്ഡലത്തിലെ പല ഘടകങ്ങളും ഇക്കുറി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സി.കെ കാസിം.

ഷാഫിയും വരവും വടകരയിലെ മാറ്റവും

പാലക്കാട് എംഎല്‍എ എന്ന പദവിയില്‍ നിന്ന് വടകര എംപിയുടെ ചുമതലയിലേക്കുളള ഷാഫി പറമ്പിലിന്‍റെ മാറ്റം കോഴിക്കോട്ടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് സൃഷ്‌ടിച്ചത്. കെ കെ ശൈലജയുമായുളള വാശിയേറിയ പോരാട്ടം ഷാഫിക്ക് കേരളത്തിലെങ്ങും പുതിയ പ്രതിച്ഛായ സൃഷ്‌ടിച്ചു. കേരളം ആകാഷയോടെ കണ്ട വടകര പോരില്‍ ശൈലജയെ വന്‍ മാര്‍ജിനില്‍ വീഴ്ത്തിയതോടെ കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളെല്ലാം യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. കോളേജ് യൂണിയന്‍ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിന്‍റെ ലാത്തിയടിയേറ്റ് ഷാഫിക്ക് പരിക്കേല്‍ക്കുക കൂടി ചെയ്തതോടെ ജില്ലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് പോരിന് കടുപ്പമേറി. ഈ നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും യുഡിഎഫിന്‍റെ പ്രധാന താര പ്രചാരകനായി ഷാഫി മാറി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷാഫിയുടെ എംപി ഓഫീസ് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പോലും യുഡിഎഫിന് ജയിക്കാനാവാത്തതും വടകര നഗരസഭാ ഭരണം നിലനിര്‍ത്താനായതുമെല്ലാം ഷാഫി പ്രഭാവമെന്നത് ഊതിപ്പെരുപ്പിച്ചതെന്ന് വ്യക്തമാക്കുന്നതായി ഇടതുമുന്നണി തിരിച്ചടിക്കുന്നു.

കാല്‍നൂറ്റാണ്ടിന്‍റെ കണക്ക് കോണ്‍ഗ്രസ് തീര്‍ക്കുമോ ?

2001-ല്‍ കോഴിക്കോട് 1-ല്‍ നിന്ന് എ സുജനപാലും കൊയിലാണ്ടിയില്‍ നിന്ന് പി ശങ്കരനും ജയിച്ചതില്‍ പിന്നെ കോണ്‍ഗ്രസിന് ഒരാളെപോലും കോഴിക്കോട് ജില്ലയില്‍ നിന്ന് നിയമസഭയിലേക്ക് അയക്കാനായിട്ടില്ലെന്ന നാണക്കേട് ഇക്കുറി പലിശ സഹിതം തീര്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശ വാദം. ഡിസിസി പ്രസിഡണ്ട് മല്‍സരിക്കുന്ന കൊയിലാണ്ടി, കെഎസ്‍യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത് മല്‍സരിക്കുന്ന നാദാപുരം, കെഎസ് യു ജില്ലാ പ്രസിഡണ്ട് വിടി സൂരജ് മല്‍സരിക്കുന്ന ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ജില്ലയില്‍ ആകെയുളള 13 സീറ്റുകളില്‍ അഞ്ചിടത്താണ് ഇക്കുറി കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. മുസ്ലിം ലീഗ് ആറ് സീറ്റുകളില്‍ മല്‍സരിക്കുന്നു. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമ യുഡിഎഫ് പിന്തുണയില്‍ വീണ്ടും ജനവിധി തേടുന്നു. ഇടതുമുന്നണിയിലാകട്ടെ ഏഴ് സീറ്റുകളില്‍ സിപിഎം മല്‍സരിക്കുന്നു. സിപിഐ(നാദാപുരം) എന്‍സിപി (എലത്തൂര്‍) ആര്‍ജെഡി (വടകര), ഐഎന്‍എല്‍ (കോഴിക്കോട് സൗത്ത്), പിടിഎ റഹീം (കുന്ദമംഗലം-സ്വതന്ത്രന്‍), സലിം മടവൂര്‍ (കൊടുവളളി- സ്വതന്ത്രന്‍) എന്നീ ഘടകകക്ഷികളും സ്വതന്ത്രരും ബാക്കി സീറ്റുകളിലും ജനവിധി തേടുന്നു.