ലൈംഗികാതിക്രമ കേസിനെ തുടർന്ന് സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ മാറ്റി മനോജ് മൂത്തേടനെ കോൺഗ്രസ് പെരുമ്പാവൂരിൽ സ്ഥാനാര്‍ഥിയാക്കിയിരുന്നു. ഈ സ്ഥാനാര്‍ഥി മാറ്റത്തിന് പിന്നിലെ സാമുദായിക സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും?
പെരുമ്പാവൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം നിലനിന്നിരുന്ന നിയോജക മണ്ഡലമാണ് പെരുമ്പാവൂര്‍. സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടതോടെ പകരം കോണ്‍ഗ്രസിനായി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് മനോജ് മൂത്തേടനെ ആണ്. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ബേസില്‍ പോള്‍ മത്സരിക്കുന്നു. ബിജെപി ട്വന്‍റി 20ക്ക് വിട്ടുനല്‍കിയ മണ്ഡലത്തില്‍ ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ട്വന്‍റി 20 ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്‌മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതെ വന്നതോടെയാണ് മത്സരിക്കാനുള്ള നറുക്ക് ജിബിക്ക് വീണത്. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ബാബു ജോസഫ് പെരുമ്പാവൂരിനെതിരെ 2,899 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചത്.
ട്വിസ്റ്റുകളുടെ പെരുമ്പാവൂര്‍
എന്നാല്‍ ഇത്തവണ മത്സരിക്കുന്നതില്‍, ലൈംഗിക പീഡന കേസും സാമുദായിക പരിഗണനകളും എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌തത് എന്നാണ് പരാതി. 2022 ജൂലൈ 04-നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പിന്നീട് എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26-ന് കോടതി പരിഗണിക്കും. എൽദോസിനെതിരെ കോടതിയിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയാണ് മറ്റൊരു സ്ഥാനാര്‍ഥിയെ തിരയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച ഒരു ഘടകം. മറ്റൊന്ന് മണ്ഡലത്തിലെ സാമുദായിക സമവാക്യമാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് വീണ്ടും സീറ്റ് നല്‍കാത്തതില്‍ സിറോ മലബാര്‍ സഭയുടെ സമ്മര്‍ദ്ദമുണ്ടെന്നും പറയപ്പെടുന്നു. യാക്കോബായ സഭാംഗമാണ് എല്‍ദോസ് കുന്നപ്പിള്ളി. പകരം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ നറുക്കുവീണ മനോജ് മൂത്തേടന്‍ സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. ഉല്ലാസ് തോമസിന്‍റെ പേരും സ്ഥാനാര്‍ഥിയായി പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. സീറ്റില്ലാതെയായതോടെ വിമതനായി എല്‍ദോസ് കുന്നപ്പിള്ളി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നിച്ച് മനോജ് മൂത്തേടനൊപ്പം പ്രചാരത്തില്‍ അദേഹം ഇപ്പോള്‍ സജീവമാണ്. മനോജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞ ദിവസം എല്‍ദോസ് എത്തിയിരുന്നു.
2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ തുടര്‍ച്ചയായി വിജയിപ്പിച്ച മണ്ഡലമാണ് പെരുമ്പാവൂര്‍. 2016-ല്‍ സിപിഎം സിറ്റിംഗ് എംഎല്‍എ സാജു പോളിനെതിരെ 7,088 ഉം 2021-ല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ബാബു ജോസഫ് പെരുമ്പാവൂരിനെതിരെ 2,899 ഉം വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ദോസ് കുന്നപ്പിള്ളിക്കുണ്ടായിരുന്നത്. 2016-ല്‍ ബിജെപി 19,731 ഉം 2021-ല്‍ ട്വന്‍റി 20 20,536 ഉം വോട്ടുകള്‍ പിടിച്ചു എന്നതിനാല്‍ ഇത്തവണയും എന്‍ഡിഎ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ഇത്തവണ ട്വന്‍റി 20യുടെ ജിബി പാത്തിക്കലാണ് മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. ചലച്ചിത്ര താരം ലക്ഷ്‌മിപ്രിയയെ ആണ് ആദ്യം ട്വന്‍റി20 ഇവിടെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പകരം ജിബിയെ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കല്‍ യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല ഭാരവാഹിയുമാണ്.
പെരുമ്പാവൂരില്‍ എന്തൊക്കെ നിര്‍ണായകം?
എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇക്കുറി സീറ്റ് നല്‍കാത്തതില്‍ വലിയ പ്രതിഷേധം പെരുമ്പാവൂരിലുണ്ടായിരുന്നു. കുന്നപ്പിള്ളിയും മൂത്തേടവും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്ന് പറയുമ്പോഴും തര്‍ക്കം വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് സംശയമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് മാര്‍ച്ച് 26-ന് കോടതി പരിഗണിക്കാനിരിക്കുന്നതും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനെ സ്വാധീനിച്ചേക്കാം. സാമുദായിക സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഏത് രീതിയില്‍ സ്വാധീനിക്കും എന്നതാണ് കാത്തിരുന്നറിയേണ്ട മറ്റൊരു കാര്യം.



