Asianet News Malayalam

ഉദ്യോഗാർത്ഥികൾ അല്ല, ഉമ്മൻചാണ്ടിയാണ് അവരുടെ കാല് പിടിക്കേണ്ടത്; കണക്ക് നിരത്തി കടന്നാക്രമിച്ച് മുഖ്യമന്ത്രി

മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ ആണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ കാലത്ത് 4012 റാങ്ക്ലി സ്റ്റുകൾ പിഎസ് സി പ്രസിദ്ധീകരിച്ചു.

kerala cm pinarayi vijayan on psc rank holders protest
Author
Kerala, First Published Feb 16, 2021, 6:37 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: നിയമനത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നുവെന്ന ഉമ്മൻചാണ്ടിയടക്കം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കണക്കുകളാണ് മറുപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലുടനീളം ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച പിണറായി, മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിയാണ് ഉദ്യോഗാർഥികളുടെ കാൽ പിടിക്കേണ്ടതും മുട്ടിൽ ഇഴയേണ്ടതുമെന്നും പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി കുറച്ചത് ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ്. അന്ന് പിഎസ്സി ചെയർമാന് കത്ത് എഴുതിയതും ഉമ്മൻ ചാണ്ടിയാണ്. പ്രതിപക്ഷത്തിന്റെ അപകടകരമായ കളി ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു. 

മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ ആണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ കാലത്ത് 4012 റാങ്ക് ലിസ്റ്റുകൾ പിഎസ് സി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സർക്കാർ 3113 റാങ്ക് ലിസ്റ്റ് മാത്രമാണ്. പൊലീസിൽ എൽഡിഎഫ് സർക്കാർ കാലത്ത് 13825 നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ കാലയളവിൽ 4791 നിയമനങ്ങളാണ് നടന്നത്. 

എൽഡി ക്ലര്‍ക്കിൽ 19120 നിയമനം നടന്നു. മുൻ സർക്കാർ  കാലത്ത് 17711 നിയമനം മാത്രം. എല്ലാവര്‍ക്കും അവസരം നൽകി. ഒഴിവുകൾ സമയബന്ധിതമായി നികത്തി, കൊവിഡ് അടക്കമുള്ള സാഹചര്യങ്ങൾ മറികടന്നാണ് മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 157909 നിയമന ശുപാർശ നൽകി. 27000 സ്ഥിരം തസ്തിക അടക്കം 44000 തസ്തിക ഉണ്ടാക്കി. മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ നിയമനങ്ങളാണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റാങ്ക് ലിസ്റ്റ് നീട്ടൽ പുതിയ തലമുറയ്ക്ക് അവസരം നിഷേധിക്കലാണ്. സിപിഒ ലിസ്റ്റ് കാലാവധി ജൂണിൽ അവസാനിച്ചതാണ്. കാലഹരണപ്പെട്ട ലിസ്റ്റ് ഇങ്ങനെ പുനരുജ്ജീവിപ്പിക്കും? അത് അറിയാത്ത വ്യക്തിയല്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷ നേതാക്കൾ തെറ്റിധരിപ്പിക്കുകയാണെന്നും സമരത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് അസാധാരണമാണെന്നും പിണറായി പറഞ്ഞു. 

സിപിഒ ലിസ്റ്റിൽ സർക്കാർ അലംഭാവം കാണിച്ചില്ല. 2021 ഡിസംബർ വരെ ഉള്ള ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതിൽ നിയമന നടപടി എടുത്തു. സമരം കൊണ്ടല്ല പകരം ഉദ്യോഗാത്ഥികളോടുള്ള അനുകമ്പകൊണ്ടാണ് നിയമനം നൽകിയത്. സിപിഒ നിയമനത്തിന് ഈ സർക്കാർ കാലത്ത് രണ്ട് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. എൽജിസി റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് മൂന്നു വരെ നീട്ടി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഏപ്രിൽ മെയ്‌ മാസത്തെ ഒഴിവുകളിൽ കൂടി നിയമനം കിട്ടും. ഇ-ഫയലിംഗ് തുടങ്ങിയതോടെ എൽജിസി തസ്തിക കുറക്കണം എന്ന് ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തെങ്കിലും സർക്കാർ പക്ഷെ അങ്ങനെ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു. 

നിലവിലെ തസ്തികയിൽ പോലും ദിവസ വേതനക്കാരെ വെച്ചത് യുഡിഎഫ് സർക്കാരാണ്. സെക്രട്ടറിയേറ്റ് സെക്യൂരിറ്റി നിയമനം ഉദാഹരണം. 5910 പേരെ യുഡിഫ് സ്ഥിരപ്പെടുത്തി. രണ്ടു വർഷം ജോലി ചെയ്തവരെ പോലും യുഡിഫ് സ്ഥിരപ്പെടുത്തി. എന്നാൽ പ്രത്യക മാനദണ്ഡം നോക്കി മാത്രം ആണ് എൽഡിഎഫ് സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ.  പത്തു വർഷത്തെ പരിചയം ആണ് മാനദണ്ഡം. മൂന്നു ലക്ഷം പേരെ സ്ഥിരപ്പെടുത്തി എന്ന യുഡിഫ് കണക്ക് എവിടെ നിന്നാണെന്ന് അറിയില്ല. റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും അഡ്വൈസ് ലഭിക്കണം എന്നത് വിചിത്ര വാദമാണ്. കരാർ നിയമനം സ്ഥിരപ്പെടുത്തൽ വഴി പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു അവസരം പോയി എന്നത് വ്യാജ പ്രചരണം. പിഎസ്സിക്ക് നിയമനം വിടാത്ത തസ്തികയിലാണ് സ്ഥിരപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചു അറിയണമെന്നും അദ്ദേഹം പറഞ്ഞു. 

പിഎസ്‍സി സമരം ഇളക്കി വിടുന്നതിന് പിന്നിൽ പ്രതിപക്ഷത്തിന്‍റെ കുത്സിത നീക്കമെന്ന് മുഖ്യമന്ത്രി

ഉദ്യോഗാർത്ഥികൾക്ക്‌ ഒപ്പം എന്ന് പറയുന്ന യുഡിഫിന്റെ  സിവിൽ സർവീസിനോട് ഉള്ള നിലപാട് എല്ലാവർക്കും അറിയാം. യുഡിഫ് ഏകോപന സമിതിയാണ് നേരത്തെ തസ്തിക വെട്ടികുറക്കാൻ ശുപാര്ശ ചെയ്തത്. അന്ന് യുഡിഫ് കൺവീനർ ഉമ്മൻ ചാണ്ടിയാണ്. ജീവനക്കാരെയും യുവജനത്തെയും തമ്മിൽ അടിപ്പിക്കാൻ അന്ന് യുഡിഫ് ശ്രമിച്ചു. കുട്ടികളെ ആരും സൗജന്യമായി പഠിപ്പിക്കാമെന്ന ആരും കരുതേണ്ട എന്ന് വരെ ഉമ്മൻ ചാണ്ടി പറഞ്ഞു. ആ നിലപാട് ഇന്നും ഉണ്ടോ എന്ന് മറുപടി പറയണം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ തകർക്കുന്ന കരിനിയമം കൊണ്ട് വന്നു യുഡിഫ് സർക്കാരാണ്. ആ കരി നിയമം മാറ്റിയത് എൽഡിഎഫ് സർക്കാരും. കോൺഗ്രസ്‌ കേന്ദ്രത്തിൽ ഭരണത്തിൽ ഉള്ളപ്പോൾ ലാസ്റ്റ് ഗ്രേഡിൽ നിയമനം പാടില്ല എന്ന് സർക്കുലർ ഇറക്കി. ഉദ്യോഗാർത്ഥികൾ ഇതെല്ലാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Follow Us:
Download App:
  • android
  • ios