Asianet News MalayalamAsianet News Malayalam

വീണ്ടും പിളർപ്പോ? ഭിന്നതയ്ക്കിടെ അനൂപ് ജേക്കബ് വിളിച്ച യോഗം കോട്ടയത്ത്

ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്

kerala congress jacob group have lots of problem
Author
Kottayam, First Published Feb 15, 2020, 12:36 AM IST

കോട്ടയം: ചെയർമാൻ ജോണി നെല്ലൂരുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ലീഡർ അനൂപ് ജേക്കബ്  വിളിച്ച യോഗം ഇന്ന് കോട്ടയത്ത് ചേരും. രാവിലെ 11 ന് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. യോഗം നിയമവിരുദ്ധമാണെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂർ അറിയിച്ചിട്ടുണ്ട്. 21 ന് ജോണി നെല്ലൂരും പ്രത്യേക യോഗം വിളിച്ചിരിക്കെ ജേക്കബ് വിഭാഗം പിളർപ്പിന്‍റെ വക്കിലാണ്

ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്‍റെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്‍റെ വാദം.

ലയനത്തെ എതിര്‍ക്കുന്നവരുടെ യോഗം വിളിച്ച അനൂപ് ജേക്കബിന്‍റെ ലക്ഷ്യം ശക്തിതെളിയിക്കലാണ്. യോഗവുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂരിന്‍റെ അറിവോടെയാണ് യോഗം വിളിച്ചതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജോണിനെല്ലൂരിന്‍റെ ലയന നീക്കത്തിന് പിന്തുണയുമായി  ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ വരും ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios