4 വര്‍ഷക്കാലം ഓഡിറ്റോറിയത്തിന്റെ ഹാളില്‍ 32 കുടുംബങ്ങള്‍ കഴിഞ്ഞുകൂടി, കവളപ്പാറയിൽ പാഴ്വാക്കായ വാഗ്ദാനങ്ങൾ
ബാക്കി 124 കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്നാണ് വീടൊരുക്കി കൊടുത്തത്. ഉരുള്‍പൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല.
മലപ്പുറം: കവളപ്പാറയിലെ 156 കുടുംബങ്ങളുടെ പുനരധിവാസം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്
പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് പുനരധിവസിപ്പിച്ചത് 32 ആദിവാസി കുടുംബങ്ങളെ മാത്രം.
നാല് വര്‍ഷത്തിന് ശേഷം ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തുടർന്നാണ് സർക്കാർ ഇത് നടപ്പാക്കിയത്.
ബാക്കി 124 കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്നാണ് വീടൊരുക്കി കൊടുത്തത്. ഉരുള്‍പൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല.
തുണിവെച്ച് മറച്ചും പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചുമാണ് നാലുവര്‍ഷക്കാലം ഓഡിറ്റോറിയത്തിലെ ഒരു ഹാളില്‍ 32 ആദിവാസി കുടുംബങ്ങള്‍ കഴിഞ്ഞുകൂടിയത്. വസ്ത്രം മാറ്റാൻ പോലും സൌകര്യമുണ്ടായിരുന്നില്ല. സങ്കടം പറഞ്ഞും പരാതിപെട്ടും സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് അവസാനം ഒരു വിധം ഇവര്‍ക്ക് കിടപ്പാടം തിരികെ കിട്ടിയത്. ആനക്കല്ലിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. ഈ 32 കുടുംബങ്ങള്‍ക്ക് അടക്കം ദുരിതബാധിതരായ 156 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ അന്ന് പുരധിവാസം പ്രഖ്യാപിച്ചിരുന്നത്.
സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായം നല്‍കി ഇവിടെ 124 കുടുംബങ്ങള്‍ക്ക് വീടൊരുക്കി.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ചെറിയൊരു സാമ്പത്തിക സഹായം നല്‍കിയതൊഴിച്ചാല്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ചത് കടുത്ത അലംഭാവമാണ്. പുനരധിവാസം അനിശ്ചിതമായി നീട്ടികൊണ്ടുപോയപ്പോള്‍ നിവര്‍ത്തിയില്ലാതെ പാവങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
കൃഷിക്കാരുടെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല.ഏക്കര്‍ കണക്കിന് കൃഷി നശിച്ച ദുരന്തത്തില്‍ ഒരു കര്‍ഷകനും സഹായം കിട്ടിയില്ല. സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ ചെറുകിട കര്‍ഷകരുടെ ഉജീവനമാണ് വഴിയടഞ്ഞത്.വയനാട്ടിലെ ദുരിതബാധിതര്‍ക്കെങ്കിലും കവളപ്പാറക്കാരുടെ ദുരവസ്ഥ ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.