നിയമനം ആവശ്യപ്പെട്ടുള്ള സമരം പതിമൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു.
തിരുവനന്തപുരം: നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങളുമായി സംസ്ഥാന സർക്കാർ (Kerala Government) ചർച്ചയ്ക്ക് ഒരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കായിക താരങ്ങളുമായി ( Sportspersons) സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമനം ആവശ്യപ്പെട്ടുള്ള സമരം പതിമൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു.
അർഹതപ്പെട്ട ജോലിക്ക് വേണ്ടി, രണ്ട് ആഴ്ചത്തോളമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുകയാണ് കായിക താരങ്ങൾ. പല വട്ടം മന്ത്രിയെ കാണാൻ ശ്രമിച്ചുവെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിഷേധിച്ച് തലമൊട്ടയടിച്ചും സമരം നടത്തി. ഒടുവിൽ സമരം 13 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. കായികതാരങ്ങളുടെ പ്രശ്നങ്ങളും നിയമനങ്ങളിലെ കള്ളത്തരങ്ങളും നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു.
നിയമനത്തട്ടിപ്പ്, സ്വർണ്ണ മെഡൽ നേടിയവർക്കും ജോലിയില്ല
അഞ്ചുവർഷത്തേക്കുള്ള കായികതാരങ്ങളുടെ നിയമനം ഒരുവ്യവസ്ഥയുമില്ലാതെ ഒരുമിച്ച് നടത്തിയതാണ് നിയമനത്തട്ടിപ്പിന് തന്നെ കാരണമായത്. റാങ്ക് പട്ടികയിൽ നിന്നും വാരിക്കോരി എല്ലാവര്‍ക്കും നിയമനം നടത്തിയപ്പോൾ വിവിധ കായികമേളകളിൽ സ്വർണ്ണ മെഡൽ നേടിയവർ പോലും പട്ടികയ്ക്ക് പുറത്തായി.
2010 മുതല്‍ 14 വരെയുള്ള അഞ്ച് കൊല്ലത്തേക്കുള്ള കായിക താരങ്ങളുടെ നിയമനങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചത് 2015 ഡിസംബറിലായിരുന്നു. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ട്ടിഫിക്കേറ്റ് പരിശോധന നടത്തി. പിന്നാലെ കരട് റാങ്ക് പട്ടിക പുറത്തിറക്കി. ഒരു വര്‍ഷം 50 നിയമനങ്ങള്‍ വെച്ച് അഞ്ച് വര്‍ഷത്തേക്ക് 250 നിയമനങ്ങള്‍ക്കായി 400 ലേറെ പേരുടെ പട്ടിക തയ്യാറാക്കി. മികച്ച പ്രകടനം കാഴ്ചവെച്ചവരെല്ലാം ഓരോ വർഷവും അപേക്ഷ നല്‍കിയിരുന്നു.
എന്നാൽ പ്രകടനം പരിശോധിക്കാതെ ഒരാളുടെ തന്നെ പലവർഷങ്ങളിലെ അപേക്ഷ പട്ടികയിൽ ചേർത്തു ഇതോടെ
ഒരേ ആള്‍ രണ്ടും മൂന്നും നാലും വര്‍ഷത്തെ പട്ടികയിലിടം നേടി. ഇതില്‍ പലരെയും അര്‍ഹതയുള്ള വര്‍ഷം നിയമിക്കാതെ അടുത്ത വര്‍ഷത്തെ പട്ടികയിലേക്ക് മാറ്റിയതോടെ റിസര്‍വ് പട്ടികയിലെ അവസാനത്തെ ആള്‍ക്ക് വരെ ജോലി കിട്ടി. ഒരു വ്യവസ്ഥയുമില്ലാതെ കൂട്ടത്തോടെ നിയമിച്ചപ്പോൾ അർഹരായ 54 പേർ പുറത്തായി. ഇതിൽ സ്വർണ്ണ മെഡൽ ജേതാക്കൾ വരെയുണ്ടെന്നതാണ് യാഥാർത്ഥ്യം.