Asianet News MalayalamAsianet News Malayalam

അവ​ഗണിക്കാനാകാത്ത പ്രതിഷേധം; കലക്ടർ കസേരയിൽ ഇരിപ്പുറയ്ക്കാതെ ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്ക് 

സിവിൽ സർവീസിന്റെ ഭാ​ഗമായ ഉദ്യോ​ഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാൻ 2028വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

Kerala Government took serious as protest against Sriram venkitaraman
Author
Thiruvananthapuram, First Published Aug 2, 2022, 1:11 AM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറുടെ സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടി സംസ്ഥാനമെങ്ങും അലയടിച്ച പ്രതിഷേധം കണക്കിലെടുത്ത്. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്. സിവിൽ സർവീസിന്റെ ഭാ​ഗമായ ഉദ്യോ​ഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാൻ 2028വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സോഷ്യൽമീഡിയയിലെ ഇടതുപ്രൊഫൈലുകളും തീരുമാനത്തിനെതിരെ രം​ഗത്തെത്തി. പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ 14 ജില്ലകളിലും പ്രതിഷേധ പ്രകടനം നടത്തി. 

സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും എതിർപ്പുണ്ടായതോടെ‌യാണ് ശ്രീറാമിനെ മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. 

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തു. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പി വി അൻവർ എംഎൽഎ, കാരാട്ട് റസാഖ് എന്നിവർ അടക്കം മലബാറിലെ ഇടതുനേതാക്കളും നിയമനത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചു. ശ്രീറാമിനെതിരെ സിപിഎം നേതാവ് എംഎം മണി നേരത്തെ നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിലനിർത്തുന്നത് ധാർമികമായി ശരിയല്ലെന്ന് അഭിപ്രായം ശക്തമായതോടെയാണ് മാറ്റാൻ തീരുമാനിച്ചത്.  

'ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്'; പ്രതിഷേധവുമായി സുരേന്ദ്രൻ

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. 

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ നടപടിയെ സ്വാ​ഗതം ചെയ്ത് വിവിധ സംഘടനകൾ രം​ഗത്തെത്തുകയും ചെയ്തു. 
 

Follow Us:
Download App:
  • android
  • ios