Asianet News MalayalamAsianet News Malayalam

ഓണം വാരാഘോഷം നാളെ സമാപിക്കും: സമാപന ചടങ്ങിലേക്ക് ഗവർണർക്ക് ക്ഷണമില്ല

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിൽ ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. 

Kerala Governor not invited to the closing ceremony of Onam celebration
Author
First Published Sep 11, 2022, 4:13 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന് ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങിൽ സാധാരണ ഗവർണർമാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിൽ ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഓണം വാരാഘോഷം നാളെ സമാപിക്കും

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച  ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല സമാപനചടങ്ങ് നാളെ നടക്കും. കൊവിഡ് കാരണം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ഈ മാസം ആറിന് തുടങ്ങിയ ‌വാരാഘോഷത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദര്‍ശനങ്ങളും ഒട്ടേറെ പേരെ ആകര്‍ഷിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആൻ്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. 

വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനം കുറിയ്ക്കുന്നത്. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ 75-ഓ​ളം നിശ്ചല ദൃശ്യങ്ങള്‍ ഉണ്ടായിരിക്കും. നൂറിലേറെ കലാസംഘങ്ങളും ആയിരത്തിലേറെ കലാകാരന്മാരും അണിനിരക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയിലെ സമാപന ചടങ്ങില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
 ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരക്കു കൂടിയ പ്രധാന വീഥിയായ കോർപ്പറേഷൻ ഓഫീസ് മുതൽ വെള്ളയമ്പലം ജങ്ഷൻ വരെ വൈകുന്നേരം ആറ് മുതൽ 11 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.വെള്ളയമ്പലം ഭാഗത്തുനിന്ന്‌ തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ്ബ്‌, വഴുതയ്ക്കാട്, ആനിമസ്‌ക്രിൻ സ്‌ക്വയർ, പനവിള വഴി പോകണം. പി.എം.ജി., പട്ടം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കവടിയാർ, കുറവൻകോണം വഴി പോകണം. തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തുനിന്ന്‌ പേരൂർക്കട, ശാസ്തമംഗലം ഭാഗത്തേക്കു പോകേണ്ടവ കോർപ്പറേഷൻ ഓഫീസിനു മുന്നിൽനിന്നു തിരിഞ്ഞ് നന്തൻകോട്, ദേവസ്വം ബോർഡ് ജങ്ഷൻ, ടി.ടി.സി. വഴി പോകേണ്ടതാണ്. മാനവീയം റോഡിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല.പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കംചെയ്യുമെന്നും പോലീസ് അറിയിച്ചു.

തൃശ്ശൂരിൽ പുലികളി തുടങ്ങി

തൃശ്ശൂർ: ഓണത്തിൻ്റെ വർണ്ണക്കാഴ്ചയായ പുലികളി തൃശ്ശൂരിൽ തുടങ്ങി. വിയ്യൂർ, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നീ ദേശങ്ങളാണ് സംഘം തിരിഞ്ഞ് പുലികളിക്ക് ഇറങ്ങുന്നത്. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും.  നാലു മണിയോടെ മടയിൽ നിന്ന് ഇറങ്ങുന്ന പുലികൾ സ്വരാജ് റൗണ്ടിലേക്ക് കടക്കും .നടുവിലാല്‍ ഗണപതിയ്ക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു:ഖാചരണം ഇന്ന് നടക്കുന്നതിനാൽ പരിപാടിക്ക് ഔദ്യോഗികമായ പങ്കാളിത്തമില്ല. 

Follow Us:
Download App:
  • android
  • ios