കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാൻ ആകില്ല. അതെന്‍റെ ചുമതലയാണെന്നും എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സര്‍വകലാശാല ചട്ടം 10-1 പ്രകാരം സെര്‍ച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സര്‍വകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

Also Read:ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവർ: എം.ബി.രാജേഷ്

സ്പെഷ്യൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ അജണ്ട വിസിയും സിണ്ടിക്കേറ്റും നേരത്തെ തയ്യാറാക്കണമെന്നാണ് ചട്ടം 13 പറയുന്നത്. അതേസമയം, സെപ്ഷ്യൽ സെനറ്റ് യോഗത്തിൽ അംഗം നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ദില്ലയിൽ നിന്നും ഗവർണ്ണർ തിരിച്ചെത്തിയാൽ നടപടിക്ക് സാധ്യതയുണ്ട്. കേരള സർവവ്വകലാശാലയിൽ സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

സർവകലാശാല ഇനി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് ഉറപ്പായി. ബാക്കിയുള്ള രണ്ട് പേരെ വെച്ച് വിസി നിയമനവുമായി ഗവർണ്ണർ മുന്നോട്ട് പോകാനാണ് സാധ്യത. ഒക്ടോബറിലാണ് വിസിയുടെ കാലാവധി തീരുന്നത്