എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയെ തുടർന്ന് മരുന്ന് മാറ്റിനൽകുമെന്ന് ആരോഗ്യവകുപ്പ്. കുട്ടികൾക്ക് നൽകിവന്നിരുന്ന മരുന്ന് മാറ്റിയ ആരോഗ്യവകുപ്പിൻ്റെ തീരുമാനം വിവാദമായിരുന്നു.
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ്. എസ്എംഎ രോഗികളായ കുട്ടികൾക്ക് നൽകിവന്നിരുന്ന മരുന്ന് മാറ്റിയ ആരോഗ്യവകുപ്പിൻ്റെ തീരുമാനം വിവാദമായിരുന്നു. നിലവിൽ നൽകിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ജനറിക് മരുന്ന് നൽകുന്നതിലാണ് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നത്. രക്ഷിതാക്കളുടെ ആശങ്കയെ തുടർന്ന് വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ നിർമ്മിത മരുന്ന് നൽകാനാണ് സർക്കാർ തീരുമാനിച്ചതെന്നും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. വിദഗ്ധസമിതി സമിതി ഗുണമേന്മ കണ്ടെത്തിയ മരുന്നാണ് നൽകുന്നത്. ഇന്ത്യൻ നിർമ്മിത മരുന്നുകളെക്കാൾ ചിലർക്ക് വിശ്വാസം വിദേശ മരുന്നുകളെയാണ്. ലക്ഷങ്ങളുടെ വില വ്യത്യാസം രണ്ടു മരുന്നുകൾ തമ്മിലുമുണ്ട്. വില കുറഞ്ഞ മരുന്നിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകാൻ കഴിയും. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഡോക്ടേഴ്സ് സാമ്പിൾ എന്ന് മരുന്നിൽ രേഖപ്പെടുത്തിയ കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. പുതിയ മരുന്നിന്റെ ഗുണമേന്മയിൽ ആരും മോശമെന്ന് അഭിപ്രായം പറഞ്ഞിട്ടില്ല. ഏതെങ്കിലും ഡോക്ടർമാർക്ക് ഇന്ത്യൻ മരുന്നിന്റെ ഗുണമേന്മയിൽ സംശയമുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാം എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റുന്നതിൽ താരതമ്യ പഠനം അനിവാര്യമായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. നേരത്തെ ഉപയോഗിച്ചിരുന്ന മരുന്ന് കുട്ടികളിൽ നല്ല പുരോഗതിയുണ്ടാക്കിയിരുന്നു. മോളിക്യൂലർ തലത്തിൽ ചെറിയ മാറ്റങ്ങളുള്ള മരുന്നിലേക്ക് പുരോഗതി തടസ്സപ്പെടുത്തുമോ എന്നാണ് ആശങ്ക. എന്നാൽ താരത്യമ പഠനം വേണമെന്ന നിയമം ഇന്ത്യയിൽ ഇല്ലെന്ന് വിദഗ്ധർ പറഞ്ഞു. അതിനിടെ, മരുന്ന് മാറ്റിനൽകിയതിൽ ഭയമുണ്ടെന്ന് ചില രക്ഷിതാക്കൾ ആശങ്ക അറിയിച്ചതായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആദ്യ മരുന്ന് നൽകിയപ്പോൾ ചില കുട്ടികൾക്ക് നല്ല മാറ്റം ഉണ്ടായിരുന്നു. അടിയന്തരമായി ഇതിൽ പരിശോധന ഉണ്ടാകണമെന്നും കുട്ടികളുടെ ജീവന്റെ പ്രശ്നമാണെന്നും കെ കെ ശൈലജ പറഞ്ഞു.


