Asianet News MalayalamAsianet News Malayalam

'ഇങ്ങനെയാണോ ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്'; കാട്ടാക്കട സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കാട്ടാക്കടയിൽ  വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

kerala high court slams ksrtc for employees attacking father and daughter
Author
First Published Sep 22, 2022, 2:52 PM IST

കൊച്ചി: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി.  ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നല്‍കി. നാളെ തന്നെ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങളും തേടി. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.  സംഭവത്തിൽ നാല് കെഎസ്ആർടി സി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു.

കാട്ടാക്കടയിൽ  വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്പി അനിലിന്‍റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. 

കാട്ടാക്കട മര്‍ദ്ദനം; പ്രതികളെ പിടികൂടാതെ പൊലീസ്, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിലെന്ന് വാദം 

ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കും. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനമുയര്‍ന്നിരുന്നു. ആഭ്യന്തര അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കും. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി കെഎസ്ആർടിസി എംഡി, ബിജു പ്രഭാകർ ഇന്നലെ സ്റ്റാൻഡിംഗ് കൗൺസിലിന് റിപ്പോർട്ട് കൈമാറിയിരുന്നു. 

മകൾ രേഷ്മയ്ക്കും  മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയപ്പോഴാണ് ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ ജീവനക്കാരുടെ മർദ്ദനത്തിന് ഇരയായത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ  ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

Follow Us:
Download App:
  • android
  • ios