Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ മൊഴിയിലെ 'ഉന്നത'നാര്? വാക്പോരിന്‍റെ നിശ്ശബ്ദപ്രചാരണം, 5 ജില്ലകൾ നാളെ ബൂത്തിൽ

സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട ഭരണഘടനാ പദവിയുള്ള ഉന്നതൻ ആരെന്ന് ഒളിച്ചിരിക്കുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നതനെ കുറിച്ചുള്ള വിവാദം പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമമെന്നാണ് സിപിഎം മറുപടി.

kerala local body polls 2020 controversy over swapnas statement silent campaign ends
Author
Thiruvananthapuram, First Published Dec 7, 2020, 4:39 PM IST

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നും നേതാക്കളുടെ വാക് പോരിന് ഒട്ടും കുറവില്ലായിരുന്നു. സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട ഭരണഘടനാ പദവിയുള്ള ഉന്നതൻ ആരെന്ന് ഒളിച്ചിരിക്കുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നതനെ കുറിച്ചുള്ള വിവാദം മൺറോ തുരുത്തിലെ സിപിഎം പ്രവർത്തകന്‍റെ കൊലപാതകമടക്കം പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമമെന്നാണ് സിപിഎം മറുപടി.

കൊവിഡിനും രാഷ്ട്രീയക്കൊടുങ്കാറ്റുകൾക്കുമിടയിൽ ആദ്യ അങ്കം നാളെ തുടങ്ങുകയാണ്. നിശ്ശബ്ദ പ്രചാരണ നാളിൽ പരമാവധി വോട്ട് ഉറപ്പിക്കാൻ നേതാക്കളുടേയും സ്ഥാനാർത്ഥികളും അവാസനവട്ട ശ്രമമായിരുന്നു ഇന്ന്. അവസാനദിവസവും വാക്പോര് മുറുക്കി നേതാക്കൾ അരങ്ങത്തെത്തി. അവസാനനിമിഷവും അഴിമതിയിലും സ്വർണക്കടത്തിലുമാണ് യുഡിഎഫ് ഊന്നിയത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലെ ഭരണഘടനാ പദവിയുള്ള ഉന്നതനാരെന്ന് ചോദിച്ച് മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷനേതാവ് രംഗത്തെത്തി. 

''സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉന്നതസ്ഥാനത്തിലിരിക്കുന്ന ഒരു വ്യക്തി, ഭരണകക്ഷിയിലെ ഒരംഗം, ഒരു ഭരണഘടനാ പദവി വഹിക്കുന്നയാൾ, ഈ കടത്തിൽ പങ്കാളിയാണ് എങ്കിൽ, അതാരെന്ന് സർക്കാർ വ്യക്തമാക്കണം. ഇന്‍റലിജൻസും പൊലീസും കയ്യിലിരിക്കുന്ന മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. ആരാണിത്? ഗ്രീൻ ചാനലിലൂടെ കടന്ന് വരാൻ കഴിയുന്ന വ്യക്തിയാണ്. പ്രോട്ടോക്കോൾ അനുസരിച്ച് വളരെ ഔന്നത്യത്തിൽത്തന്നെ നിൽക്കുന്ന വ്യക്തിയാണ്. ആ പ്രോട്ടോക്കോൾ സൗകര്യമുപയോഗിച്ചുകൊണ്ട് റിവേഴ്സ് ഹവാല പോലുള്ള കാര്യങ്ങൾ നടത്തിയെന്നാണ് അറിയുന്നത്. കേരളത്തിൽ നിരന്തരമായി വിദേശയാത്ര നടത്തിയിരുന്നതൊക്കെ ആരാണ്? ആ പേര് കേട്ടാൽ നമ്മളൊക്കെ ബോധം കെട്ട് വീഴുമെന്നാണ് അറിയുന്നത്. രാഷ്ട്രീയനേതൃത്വത്തിന് ബന്ധമില്ല എന്ന് പറഞ്ഞിടത്ത് നിന്ന് കാര്യങ്ങൾ മാറുകയാണ്. രാഷ്ട്രീയ, ഭരണനേതൃത്വങ്ങൾക്ക് ഈക്കാര്യത്തിലുള്ള പങ്ക് ഇപ്പോൾ പുറത്തുവരികയാണല്ലോ'', എന്ന് ചെന്നിത്തല.

എന്നാൽ ആ 'ഉന്നത'നെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകിയാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടത്. സ്വർണക്കടത്ത് കേസിൽ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടായെന്നത് തെളിയുകയാണെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. ഇതിനായി ഭരണ, ഔദ്യോഗികസംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി. കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് രഹസ്യമൊഴിയിലുള്ളതെന്നാണ് വ്യക്തമാക്കുന്നതെന്നും, ധാർമികമായി മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാനാകില്ലെന്നും സുരേന്ദ്രൻ പറയുന്നു.

ഉന്നതർ ഗ്രീൻചാനൽ ദുരുപയോഗം ചെയ്തുവെന്ന് നേരിട്ടാരോപിക്കുന്നു സുരേന്ദ്രൻ. രഹസ്യമൊഴി പുറത്തുവരുമ്പോൾ പലർക്കും കുറ്റവാളികളുടെ മുഖമാകും. എന്നാൽ 'ഉന്നത'ന്‍റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും, എല്ലാം ഭഗവാന്‍റെ പര്യായപദങ്ങൾ തന്നെയാണല്ലോ എന്നുമാണ് സുരേന്ദ്രൻ പറയുന്നത്. പ്രസേനനെ കൊന്നവൻ ഈശ്വരൻ എന്നും മാത്രം പറയുന്നു കെ സുരേന്ദ്രൻ. 

എന്നാൽ ഉന്നതനാരെനന്ന ചോദ്യങ്ങളിൽ നിന്ന് സിപിഎം ഒഴിഞ്ഞുമാറി. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആരോപിച്ചത്. ''ഇന്ന് ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ടിട്ട്, അതേക്കുറിച്ച് സംസാരിക്കാൻ വിളിക്കുമ്പോ, നിങ്ങൾ വിഷയം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നത് കണ്ടാലറിയാം, നിങ്ങളുടെ ഉദ്ദേശമെന്തെന്ന്'', എന്ന് എ വിജയരാഘവൻ. 

'ഉന്നത'നിൽ മറുപടി പറയാതെ കോൺഗ്രസ്- ബിജെപി കൂട്ട് കെട്ടും വികസനവും പറഞ്ഞ് അഴിമതി ആരോപണങ്ങളെ പ്രതിരോധിച്ചാണ് അവസാനനിമിഷവും സിപിഎം വോട്ട് പിടുത്തം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ പോളിംഗ്. നിയമസഭാ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പോരെന്ന നിലക്ക് തദ്ദേശതെരഞ്ഞെടുപ്പിനപ്പുറത്തെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞാണ് മുന്നണികളുടെ നീക്കങ്ങൾ.

Follow Us:
Download App:
  • android
  • ios