എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉടുമ്പൻചോലയിലും ദേവികുളത്തും പോളിംഗ് കൂടി

പൈനാവ്: ഇടുക്കിയിൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ ഏകദേശം പത്ത് ശതമാനത്തോളമാണ് 2024ല്‍ പോളിംഗ് കുറഞ്ഞത്. 2019ല്‍ 76.3% ആയിരുന്ന പോളിംഗ് ഇത്തവണ 66.53 ആയി താഴ്‌ന്നു. അതേസമയം എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉടുമ്പൻചോലയിലും ദേവികുളത്തും പോളിംഗ് കൂടി. 

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോയവരുടെ എണ്ണത്തിലുണ്ടായ വർധനവ് ഇടുക്കിയിലെ പോളിംഗിനെ സാരമായി ബാധിച്ചോ എന്ന സംശയമുണ്ട്. കാലാവസ്ഥാ മാറ്റവും പോളിംഗ് കുറയാന്‍ കാരണമായിരുന്നിരിക്കാം. പോളിംഗ് കുറഞ്ഞെങ്കിലും വിജയം ഉറപ്പെന്നാണ് യുഡിഎഫ് ക്യാംപ് പറയുന്നത്. ശക്തമായ പ്രചാരണം ഗുണം ചെയ്യുമെന്നും മുന്നണിയുടെ ശക്തി കേന്ദ്രങ്ങളിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ കഴിഞ്ഞെന്നും യുഡിഎഫ് അവകാശപ്പെടുന്നു. എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉടുമ്പൻചോലയിലും ദേവികുളത്തും പോളിംഗ് കൂടിയത് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയിലായാല്‍ അതും ഇടതിന് നേട്ടമാണ്. 

Read more: കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയിലും ചൂടടിച്ചോ, അതോ മറ്റ് കാരണങ്ങളോ; പോളിംഗ് കുറഞ്ഞ് എറണാകുളവും

ഇടത്, വലത് മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള ലോക്‌സഭ മണ്ഡലമാണ് ഇടുക്കി. നിയമസഭ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കി ജില്ലയിലെ ദേവികുളവും ഉടുംമ്പന്‍ചോലയും തൊടുപുഴയും ഇടുക്കിയും പീരുമേടും ചേരുന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജും തമ്മിലാണ് പ്രധാന മത്സരം. ബിഡിജെഎസിന്‍റെ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2019ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡീന്‍ 171,053 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോയ്‌സിനെതിരെ വിജയിച്ചിരുന്നു. ഈ മെഗാ ഭൂരിപക്ഷം തന്നെ യുഡിഎഫിന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം. 

Read more: ആവേശ പ്രചാരണം, ആരവം കുറഞ്ഞ പോളിംഗ്, ആരെടുക്കും തൃശൂര്‍? കണക്കിലെ സൂചനകള്‍...

കര്‍ഷകരും തൊഴിലാളികളും ഇടുക്കിയുടെ വിധിയെഴുത്തില്‍ നിര്‍ണായകമാണ്. തോട്ടം മേഖലയിലും കാർഷിക മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ വലിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയായിരുന്നു. എം എം മണിയുടെ അധിക്ഷേപ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദങ്ങളും എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ എന്ന് ഫലം വരുമ്പോള്‍ അറിയാം. കഴിഞ്ഞ രണ്ടുവട്ടവും ഇടത് പിന്തുണയുള്ള സ്വതന്ത്രനായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നം ലഭിച്ചത് ജോയ്‌സ് ജോര്‍ജിന് ഗുണമാകുമോ എന്ന ആകാംക്ഷയുണ്ട്. 

Read more: പോളിംഗ് കുറഞ്ഞ് കെ രാധാകൃഷ്‌ണന്‍റെ ചേലക്കര, ചിറ്റൂര്‍ യുഡിഎഫിനെ തുണയ്ക്കുമോ? ആലത്തൂരിലെ സാധ്യതകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം