സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച (ജൂൺ എട്ട്) രാവിലെ 10 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. അപേക്ഷകർക്ക് 'https://www.hscap.kerala.gov.in' എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച് അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. തിങ്കളാഴ്ച (ജൂൺ എട്ട്) രാവിലെ 10 മണിക്കാണ് ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ 'https://www.hscap.kerala.gov.in' ൽ പ്രവേശിച്ച് 'Candidate Login-SWS' ലൂടെ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2026 ജൂൺ 15ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻ്റിൻ്റെ സാധ്യതാ പട്ടിക മാത്രമാണ് ട്രയൽ അലോട്ട്‌മെൻ്റ് പട്ടിക. ട്രയൽ ഫലം പ്രകാരം ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂ‌ളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് പട്ടിക വരുന്നത് വരെ കാത്തിരിക്കണം. അതേസമയം വിദ്യാർത്ഥികളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെന്റ്. ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ പുതിയവ കുട്ടിച്ചേർക്കുകയോ ചെയ്യാൻ അവസരമുണ്ട്.

ട്രയൽ അലോട്ട്മെൻ്റ് പട്ടിക മുഴുവൻ അപേക്ഷകരും നിർബന്ധമായും പരിശോധിച്ച് അപേക്ഷാ വിവരങ്ങളും ഡബ്ലുജിപിഎ (WGPA) യും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താം. അലോട്ട്മെൻ്റിനെ നിർണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിൻ്റ് ലഭിക്കുന്ന വിവരങ്ങൾ. താമസിക്കുന്ന പഞ്ചായത്തിൻ്റയും താലൂക്കിൻ്റയും വിവരങ്ങൾ, ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച് അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങളിൽ അപേക്ഷകൻ്റെ പേര് ഒഴികെ മറ്റൊന്നും തന്നെ തിരുത്തോനോ മാറ്റം വരുത്താനോ സാധിക്കുകയില്ല. ചില അപേക്ഷകളിൽ ജാതി, കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ പൊരുത്തക്കേടുകൾ കാണുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂൺ 10 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻ്റ് പട്ടിക പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അത് നടത്തി ജൂൺ 10ന് അഞ്ച് മണിക്കുള്ളിൽ ഫൈനൽ കൺഫർമേഷൻ നടത്തണം. ജൂൺ മൂന്നിന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഫൈനൽ കൺഫർമേഷൻ നൽകാതിരുന്ന അപേക്ഷകർക്കും കൺഫർമേഷൻ നടത്തി അപേക്ഷകൾ അന്തിമമായി സമർപ്പിക്കാനും ഇപ്പോൾ അവസരമുണ്ട്.