കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാതെ പൊലീസ്; വാഹനമോടിച്ച് പോയി; വീഡിയോ പുറത്ത്
നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇടുക്കി: കട്ടപ്പനയിൽ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രിക്കാരെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴി ജീപ്പിലെത്തിയ പൊലീസ് സംഘം തയ്യാറായില്ല. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവർക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ. ഈ സമയം ടൌണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. നാട്ടുകാർ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പ് എത്തി. ആശുപത്രിയിൽ എത്തിക്കാനായി പരുക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടു പോയി. നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
ഇരുവരെയും അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോട്ട് സമപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ്മോൻ പറഞ്ഞു.
കായംകുളത്തും ഭക്ഷ്യവിഷബാധയെന്ന് സംശയം, ഇത്തവണ വില്ലൻ ഷവായി, ഹോട്ടൽ അടപ്പിച്ചു
<