Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത: മുന്നറിയിപ്പ്

 ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച ഏറ്റവും പുതിയ കാലാസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Rain alert New low pressure forming above Bay of Bengal kgn
Author
First Published Sep 22, 2023, 2:43 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ മാസം 28 ഓടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് ഈ സാഹചര്യം വിരൽചൂണ്ടുന്നത്.

ജാർഖണ്ഡിന് മുകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. കിഴക്കൻ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം. ഇയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുക. ആന്ധപ്രദേശ് - ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരദിശ സൂചിപ്പിക്കുന്നത്. ഇതാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച ഏറ്റവും പുതിയ കാലാസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios