Asianet News MalayalamAsianet News Malayalam

തകര്‍ത്ത് പെയ്ത് തുലാവര്‍ഷം; ഇത്തവണ 27% കൂടുതല്‍, 5 ജില്ലകളില്‍ അധികമഴ, രണ്ടിടത്ത് ആശങ്ക

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയില്‍ ലഭിച്ചത്.

kerala rain updates, 27% more this time, excess rain in 5 districts, concern in 2 places
Author
First Published Dec 31, 2023, 5:50 PM IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ തുലാവര്‍ഷ മഴ അവസാനിച്ചപ്പോള്‍ ആശ്വാസത്തിന്‍റെ കണക്കുകള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ആശങ്കയും. 2023ലെ തുലാവര്‍ഷം അവസാനിച്ചപ്പോള്‍ കേരളത്തില്‍ ആകെ 27ശതമാനം മഴ കൂടുതലായി ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികമായി മഴ ലഭിച്ചത് ആശ്വാസമാണെങ്കിലും വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായി. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ  492മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനത്തിന്‍റെ കുറവാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 27ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയില്‍ ലഭിച്ചത്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.ഇത്തവണ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 309.6 മില്ലി മീറ്റര്‍, നാലു ശതമാനത്തിന്‍റെ കുറവ് ).  കാലവർഷത്തിലും  55 ശതമാനത്തില്‍ കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ മുൻ കരുതൽ ആവശ്യമായി വരും. തുലാവര്‍ഷത്തില്‍ കണ്ണൂരിലും നാലു ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത് (4ശതമാനത്തിന്‍റെ കുറവ്). വയനാട്, കണ്ണൂർ  ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 836.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത് (52ശതമാനം അധികം), കോട്ടയത്ത് 38ശതമാനവും ആലപ്പുഴയില്‍ 40ശതമാനവും എറണാകുളത്ത് 24 ശതമാനവും അധികമായി മഴ ലഭിച്ചു. 

ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ചത് അമ്മയുടെ അറിവോടെ, പ്രതി കൃഷ്ണകുമാര്‍ ഒളിവില്‍

 

Latest Videos
Follow Us:
Download App:
  • android
  • ios