Asianet News MalayalamAsianet News Malayalam

ശക്തമായ മഴ: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rains kerala University Exams Postponed Due to heavy rain joy
Author
First Published Oct 15, 2023, 9:48 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിയുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കല്‍) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലാകെ കനത്ത നാശനഷ്ടവും വെള്ളക്കെട്ടുമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകള്‍ നീണ്ട് നിന്ന മഴയില്‍ ടെക്‌നോ പാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ജനം ദുരിതത്തിലായി. ഗ്രാമീണ മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായും കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

എലിപ്പനി സാധ്യത, ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം

തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ദുരിതമനുഭവിക്കുന്നവര്‍, രക്ഷാപ്രവര്‍ത്തകര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും. പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് പനി അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. 

പലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനൊപ്പമെന്ന് കോൺഗ്രസ് എംഎൽഎ 
 

Follow Us:
Download App:
  • android
  • ios