ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃകര്‍ നിര്‍ദേശിച്ചു.
നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; കൃഷിയിടം ഒലിച്ചു പോയി
ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പാമ്പാടിയിലെ ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തേര്‍ഡ് ക്യാമ്പിലെ വീട്ടില്‍ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന സുനിലിനും മകന്‍ ശ്രീനാഥിനുമാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. മിന്നലില്‍ തലയ്ക്കും കാലിനും മുറിവുകളേറ്റ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു. കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ രാത്രി 10 മണിയോടുകൂടി അതിര്‍ത്തി മേഖലയില്‍ ഇടിമിന്നലോട് കൂടി അതിശക്തമായ മഴയാണ് ഉണ്ടായത്. കരുണാപുരം, കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പന്‍ചോല തുടങ്ങിയ മേഖലകളില്‍ എല്ലാം നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തു. മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച നെടുങ്കണ്ടം എഴുകുംവയലില്‍ ഇടിമിന്നലേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഗവിയിൽ ടവറിന് മുകളിൽ കയറി വനംവകുപ്പ് ജീവനക്കാരന്റെ ആത്മഹത്യ ഭീഷണി

