വയനാടിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് കേരളം കോടതിയില്‍ പറ‍ഞ്ഞത്. ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു.

കൊച്ചി: വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആക്ഷേപം. ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദീകരിച്ചു. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2024 -25 സാമ്പത്തിക വര്‍ഷത്തിൽ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വർഷത്തെ ഫണ്ട് കൂടി ചേര്‍ത്ത് 700 കോടിക്ക് മുകളില്‍ പണം അനുവദിച്ചെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേരളം തിരിച്ചടിച്ചു. വയനാടിന് സ്പെഷ്യൽ ഫണ്ട് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമല്ലോ എന്ന് കോടതി ചോദിച്ചു. കേരളത്തിൽ എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് കേരള സർക്കാർ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വയനാട്ടില്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ കേന്ദ്രം സർക്കുലർ ഇറക്കിയാൽ നന്നാവുമെന്നും കോടതി നിര്‍ദേശിച്ചു.
YouTube video player