സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ കളിക്കളം' മിന്നൽ പരിശോധനയിൽ വൻ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി. കഴിഞ്ഞ പത്ത് വർഷമായി നടന്ന ഫണ്ട് വകമാറ്റൽ, വ്യാജ മത്സരഫലങ്ങൾ, അനധികൃത നിയമനങ്ങൾ, സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെക്കൽ തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ നടത്തിവരുന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തെ പരിശോധനയിൽ വലിയ ക്രമക്കേടിൻ്റെ തെളിവുകളാണ് ലഭിച്ചത്. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തി. ക്യാഷ് ബുക്കോ സ‌റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. മുൻ സ്‌റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റിന് സർക്കാർ അനുമതിയില്ലാതെ ബത്തകൾ നൽകി, 2019 മുതൽ 2021 മെയ് വരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി ചുമതല നിർവഹിച്ചെന്നും വിജിലൻസ് കണ്ടെത്തി.

ഒരു പരിശീലകന് താമസ ബത്തയും സൗകര്യങ്ങളും വഴിവിട്ടു നൽകി. വാങ്ങിക്കൂട്ടിയ സാധനങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷം സ്പോർട് കൗണ്‍സിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച പണം, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പന്‍റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച, കൗണ്‍സിൽ അംഗങ്ങളുടെ യാത്രകള്‍, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കായികമന്ത്രി ഒജെ ജെനീഷിന് ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു. സി ഡിലെ പത്ത് വർഷത്തെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പിന്നാലെയാണ് സ്പോർട് കൗണ്‍സിലിനെതിരായ പരാതികളും അന്വേഷണം.

യുവതാരങ്ങള്‍ക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകള്‍ പൂഴ്ത്തിവച്ചതടക്കം കൗണ്‍സിലിൽ നടന്ന അഴിമതികൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം. രേഖകള്‍ പിടിച്ചെടുത്തുള്ള പരിശോധനക്ക് ശേഷം ജില്ലാ എസ്പിമാർ റിപ്പോർട്ട് നൽകും. ഇതിന് ശേഷം കേസെടുക്കേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.

YouTube video player