കൊച്ചിയിൽ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴ മെച്ചപ്പെടുന്നു. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിനൊപ്പം കൊച്ചിയും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം. രാത്രി കേരളത്തിലെ 9 ജില്ലകളിൽ വേനൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

അതേസമയം കൊച്ചിയിൽ മഴ പെയ്തത് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴ ആയതിനാലാണ് ആശങ്ക. 
കൊച്ചിയിൽ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. കൊച്ചിയിൽ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.

'പുതിയൊരു മുഖ്യൻ അവതാരമെടുത്തിട്ടുണ്ട്, അത് ക്ലിഫ് ഹൗസിൽ വച്ചാൽ മതി'; 1987 ആവർത്തിച്ചാൽ തീക്കളിയാകും: സുധാകരൻ

YouTube video player

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്ത് 17-03-2023 രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.