കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മനുഷ്യ -വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. 

വനംവകുപ്പിന്റെ സ്വപ്‌ന പദ്ധതിയാണ് സുവോളജിക്കല്‍ പാര്‍ക്കെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സുവോളജിക്കല്‍ പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നത്. ഇത് നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ആഗസ്ത് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. 331 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി സഹായം നല്‍കിയത്. തികച്ചും നൂതനമായ സങ്കല്‍പ്പമാണ് സുവോളജിക്കല്‍ പാര്‍ക്ക്. ഇത് ഒരു മൃഗശാലയല്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാവുന്നത്. -അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ മാറ്റം വിതയ്ക്കുന്ന മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിന് വനസമിതികള്‍ രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെയായിരിക്കും പ്രത്യേക പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുമെന്നാണ് കരുതുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് കിഫ്ബിയുമായി ധാരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളെയും ജനപ്രതിനിധികെളയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വനസംരക്ഷണ സമിതികൡലൂടെയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 

കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. മനുഷ്യ- വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വേലിക്കായി 110 കോടി കിഫ്ബി നല്‍കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 67 കോടിയുടെ പദ്ധതിയും ഒപ്പമുണ്ട്. തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനായി 82 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. 

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിയിച്ച കിഫ്ബിക്ക് ഇക്കഴിഞ്ഞ നവംബര്‍ 11-ന് 25 വയസ്സ് തികഞ്ഞിരിക്കുകയാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി എന്ന സ്വപ്നത്തിന് 1999-ല്‍ ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിത്ത് പാകുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ സങ്കല്‍പ്പത്തിന് ജീവന്‍ വെച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ.എം. ഏബ്രഹാമും ചേര്‍ന്നാണ് കിഫ്ബി പുതുക്കിപ്പണിഞ്ഞ് നിയമം പൊളിച്ചെഴുതിയത്. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസായി. ഇതോടെയാണ് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസനം എന്ന ലക്ഷ്യവുമായി കിഫ്ബി ഉയര്‍ന്നുവന്നത്.


അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം

YouTube video player