തിരുവനന്തപുരം കിളിമാനൂരിൽ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനം പൊലീസ് ഇന്‍സ്പെക്ടറുടേതെന്ന് കണ്ടെത്തി. പാറശ്ശാല എസ്‍എച്ച്ഒയുടെ വാഹനമാണ് വയോധികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ കൂലിപ്പണിക്കാരനായ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. വയോധികനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് ഇന്‍സ്പെക്ടറുടേതാണെന്ന് കണ്ടെത്തി. പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് വയോധികനെ ഇടിച്ചതെന്നാണ് കണ്ടെത്തൽ. അപകടശേഷം ഈ വാഹനം വര്‍ക്ക‍്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായുള്ള വിവരവും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. 

വാഹനമോടിച്ചത് ആരാണെന്നതിൽ അവ്യക്തത

ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കിളിമാനൂര്‍ പൊലീസ് വയോധികനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടിച്ച വാഹനം പാറശ്ശാല എസ്‍എച്ച്ഒയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. വാഹനം അമിത വേഗതയിൽ അലക്ഷ്യമായി ഓടിച്ചതാണ് അപകടകാരണമെന്നാണ് എഫ്ഐആര്‍. വാഹനമോടിച്ചത് ആരാണെന്ന കാര്യമടക്കം പൊലീസ് അന്വേഷിക്കും. വാഹന ഉടമയായ അനിൽകുമാറുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.