കിളിമാനൂരിൽ സ്കൂട്ടറിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ നെയ്യാറ്റിൻകരയിൽ നിന്ന് പൊലീസ് പിടികൂടി. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മൂന്നിന് വൈകീട്ട് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു. അപകടമുണ്ടാക്കിയയാളെ പിടികൂടാത്തതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. രജിത്തിന്റെയും അംമ്പികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അംബിക മരിച്ച ശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പക്ഷെ ഇതിനകം ഇയാള്‍ ഒളിവില്‍ പോയി. വാഹനത്തിൽ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.
