ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തിരുന്നു.

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ. ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തിരുന്നു. അതേസമയം, കേസിൽ അതിവേഗ നടപടികളുമായി നീങ്ങുകയാണ് പൊലീസ്. യൂട്യൂബർ കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തി മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു. കെ എം ഷാജഹാൻ ഇന്ന് പൊലീസിന് മുമ്പാകെ എത്തുമോ എന്നതിൽ വ്യക്തതയില്ല. പ്രതികളുടെ സൈബർ വിവരങ്ങൾ മെറ്റ ഉടൻ കൈമാറുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അന്വേഷണം വേഗത്തിലാക്കി പൊലീസ്

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഒന്നാം പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണൻ ഒളിവിലാണ്. ഇന്നലെ ഗോപാലകൃഷ്ണൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പറവൂരിലെ വീട്ടിലാണ് ചെന്നെത്തിയത്. പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണിൽ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് കൈമാറും. ഇന്ന് ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസും നൽകിയിരുന്നു. എന്നാല്‍, മുൻകൂർ ജാമ്യം തേടിയ സാഹചര്യത്തില്‍ ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരായേകില്ല.

അതേസമയം, ഗോപാലകൃഷ്ണനും കെ എം ഷാജഹാനും പുറമേ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നൂറിലധികം പ്രൊഫൈലുകൾ പരിശോധിച്ചു. ഷാജഹാന്‍റെയും ഗോപാലകൃഷ്ണന്‍റെയും പോസ്റ്റുകളിൽ കമന്‍റിട്ടവരെ ആലുവ സൈബർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.

YouTube video player