Asianet News MalayalamAsianet News Malayalam

സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെഎം ഷാജി; രക്തസാക്ഷി പരിവേഷത്തിന് ശ്രമമെന്ന് സ്വരാജിന്റെ മറുപടി

തനിക്കെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി നൽകുന്ന കാര്യം സ്പീക്കർ അറിയിച്ചില്ലെന്ന് കെഎം ഷാജി എംഎൽഎയ്ക്ക് പരാതി. അതേസമയം സ്പീക്കർ ന്യായയുക്തമായാണ് പ്രവർത്തിക്കുന്നതെന്ന് എം സ്വരാജിന്റെ മറുപടി

KM Shaji and M swaraj on azhikode school 25 lakh corruption case
Author
Thiruvananthapuram, First Published Apr 17, 2020, 10:18 PM IST

തിരുവനന്തപുരം: അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസിൽ സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് പ്രതിസ്ഥാനത്തുള്ള കെഎം ഷാജി എംഎൽഎ. എന്നാൽ ഷാജിയുടെ ശ്രമം രക്തസാക്ഷി പരിവേഷം ലഭിക്കാനാണെന്ന് എം സ്വരാജ് എംഎൽഎ തിരിച്ചടിച്ചു.

തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നൽകുന്നുണ്ടെങ്കിൽ അക്കാര്യം സ്പീക്കർ നിയമസഭയിൽ പറയണമായിരുന്നു. അല്ലെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ല. പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നിൽ സ്പീക്കർ വിധേയനായിയെന്നും അദ്ദേഹം ആരോപിച്ചു. അഴീക്കോട് സീറ്റ് നഷ്ടപ്പെട്ടത് മുതൽ തുടരുന്ന സിപിഎമ്മിന്റെ പ്രതികാരമാണിത്. കേസിൽ കഴമ്പില്ലെന്നും എന്നാൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്നുമാണ് കേസ് അന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഞാൻ അനൗദ്യോഗികമായി അറിഞ്ഞതെന്നും എംഎൽഎ പറഞ്ഞു.

എന്നാൽ ഈ ആരോപണം എം സ്വരാജ് നിഷേധിച്ചു. സ്പീക്കർ രാഷ്ട്രീയ പക്ഷപാതം കാണിച്ച പരാതി ഇതുവരെ ഉയർന്നിട്ടില്ല. ന്യായയുക്തമായാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രവർത്തിക്കുന്നതെന്നും സ്വരാജ് മറുപടി പറഞ്ഞു. ഈ കേസ് രാഷ്ട്രീയ പ്രേരിതമല്ല. എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത് ഏപ്രിൽ 14നാണ്. 2017 ജൂൺ മാസത്തിൽ അഴീക്കോട് സ്കൂളിന്റെ മാനേജ്മെന്റ് ജനറൽ ബോഡിയിൽ അവതരിപ്പിച്ച വരവ് ചിലവ് കണക്കിൽ 25 ലക്ഷം രൂപ മുസ്ലിം ലീഗിന് കൊടുത്തെന്ന് പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അവിടെ വലിയ തോതിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ വരവ് ചെലവ് റിപ്പോർട്ടിന്റെ കോപ്പിയടക്കമാണ് കെ പദ്മനാഭൻ പരാതി കൊടുത്തത്. കേസ് വിജിലൻസിന് കൊടുക്കാൻ എംഎൽഎ വെല്ലുവിളിച്ചു. 2018 സെപ്തംബർ 10 ന് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 2019 നവംബർ ഒൻപതിന് നിയമസഭാ സെക്രട്ടറിയോട് തുടരന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലൻസ് കത്ത് നൽകി. നാല് മാസത്തിന് ശേഷം സ്പീക്കർ കത്ത് നൽകുന്നു. 2020 മാർച്ച് 16 ന് നിയമസഭാ സെക്രട്ടറി കത്ത് സർക്കാരിന് കൈമാറി. മാർച്ച് 26 ന് ഇത് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തി. ഏപ്രിൽ 14 ന് മുഖ്യമന്ത്രി ഇതിൽ ഒപ്പുവച്ചു. അത് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയത് ഇന്ന്. മാർച്ച് 16 ന് നിയമസഭാ സെക്രട്ടറി സർക്കാരിന് കത്ത് അയച്ച വിവരം എന്തായാലും ഷാജി അറിഞ്ഞുകാണും. അപ്പോൾ തനിക്കൊരു പരിച വേണമെന്ന് കരുതി ചെയ്തതാണിത്. രക്തസാക്ഷി പരിവേഷത്തിനാണ് എംഎൽഎയുടെ ശ്രമമെന്നും സ്വരാജ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios